ബെംഗളുരു: കര്‍ണാടകയില്‍ ഇന്ന് മാത്രം സ്ഥിരീകരിച്ചത് ഏഴ് കൊവിഡ് 19 കേസുകള്‍ ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 33ായി. തിങ്കളാഴ്ച വരെ 33 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും ഒരാള്‍ മരിച്ചതായും ആരോഗ്യ വകുപ്പിന്‍റെ കണക്കുകള്‍ വിശദമാക്കുന്നു. ഐസൊലേഷനിലുള്ള 31 രോഗികളുടെ നിലയില്‍ ആശങ്കപ്പെടാനില്ലെന്നും ആരോഗ്യവകുപ്പ് വിശദമാക്കുന്നു. കേരളത്തില്‍ നിന്നുള്ള രണ്ട് പേര്‍ അടക്കമാണ് ഇന്ന് ഏഴ് കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ദുബായിയില്‍ നിന്ന് എത്തിയവരാണ് മാര്‍ച്ച് 22 ന് എത്തിയവരാണ് ഇവര്‍. 

അതേസമയം തമിഴ്നാട്ടില്‍ രണ്ട് പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഒരാള്‍ ചെന്നൈയിലും മറ്റൊരാള്‍ തിരുപ്പൂരിലുമായാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. എന്നാല്‍ മധുരൈ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചത് സമൂഹവ്യാപനത്തിലൂടെയെന്നാണ് സംശയം. 54കാരനായ ഇയാള്‍ വിദേശ സന്ദര്‍ശനം നടത്തുകയോ വിദേശബന്ധമുള്ളവരുമായി ഇടപഴകിയതായോ സ്ഥരീകരണമില്ലാത്ത സാഹചര്യത്തിലാണ് സമൂഹവ്യാപനമാണോയെന്ന് സംശയിക്കുന്നത്. കൊവിഡ് ബാധിച്ച് ഇന്നുമാത്രം രാജ്യത്ത് മരിച്ചത് രണ്ടുപേര്‍. ഇതോടെ മരണസംഖ്യ ഒന്‍പതായി ഉയര്‍ന്നു. കൊല്‍ക്കത്തിയിലും ഹിമാചല്‍ പ്രദേശിലുമാണ് മരണം സംഭവിച്ചത്.

അമേരിക്കയില്‍ നിന്ന് വന്ന ടിബറ്റന്‍ അഭയാര്‍ത്ഥിയാണ് ഹിമാചല്‍ പ്രദേശില്‍ മരിച്ചത്. ഇറ്റലിയില്‍ നിന്ന് വന്നയാളാണ് മരിച്ച മറ്റൊരാള്‍. ഇയാള്‍ കൊല്‍ക്കത്തയിലെ എഎംആര്‍എ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 467 ആയി ഉയര്‍ന്നു. കൊവിഡ് 19 പ്രതിരോധിക്കാന്‍ കൂടുതല്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പൂര്‍ണമായി അടച്ചിടുകയാണ്. ദില്ലി, രാജസ്ഥാന്‍ , പഞ്ചാബ്, ഉത്തരാഖണ്ഡ് , ആന്ധ്രപ്രദേശ്, തെലങ്കാന, ബീഹാര്‍, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ജമ്മുകശ്മീര്‍ ലഡാക്ക്,ചണ്ഡിഗഡ് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും അടച്ചിടും. തെലങ്കാനയും ആന്ധ്രയും മുഴുവന്‍ അതിര്‍ത്തികളും അടച്ചു.