അഹമ്മദാബാദ്: പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ അഹമ്മദാബാദിലും പ്രതിഷേധം ശക്തമാകുകയാണ്. ഷാഹ് ഇ അലം മേഖലയിലുണ്ടായ പ്രതിഷേധത്തിനിടെ പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഏഴ് മുസ്ലീം യുവാക്കള്‍ ചേര്‍ന്നാണ് പരിക്കേറ്റ പൊലീസുകാരെ രക്ഷിച്ചത്. 

പൗരത്വഭേദഗതി നിയമത്തിനെതിരെ വലിയ സംഘം ആളുകള്‍ ഷാഹ് ഇ അലമില്‍ ഒത്തുചേര്‍ന്നതോടെയാണ് സംഘര്‍ഷം ഉണ്ടായത്. പൊലീസും പ്രതിഷേധകരും തമ്മില്‍ ഏറ്റുമുട്ടിയതോടെ 30 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

അക്രമാസക്തരായ സംഘം പൊലീസ് വാഹനം തടഞ്ഞ് നിര്‍ത്തുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു. ഇതിനിടയില്‍ നിന്നാണ് പരിക്കേറ്റ പൊലീസുകാരെ ഒരു സംഘം മുസ്ലീം ചെറുപ്പക്കാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. 

പ്രതിഷേധകര്‍ക്കിടയിലേക്ക് എത്തിയ യുവാക്കളിലൊരാള്‍ അക്രമം അവസാനിക്കാന്‍ കൈവീശിക്കാണിക്കുന്നുണ്ടായിരുന്നു. മറ്റ് മുസ്ലീം യുവാക്കള്‍കൂടി ഇയാള്‍ക്കൊപ്പം ചേരുകയും പൊലീസുകാര്‍ക്ക് മുന്നില്‍ സംരക്ഷണം തീര്‍ക്കുകയും ചെയ്തു. അവരിലൊരാളുടെ കയ്യില്‍ ത്രിവര്‍ണ്ണപതാകയും ഉണ്ടായിരുന്നു.