വഡോദര: ഹോട്ടലിലെ അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി ഏഴ് പേര്‍ മരിച്ചു. ഗുജറാത്തിലെ വഡോദര ജില്ലയിൽ ശനിയാഴ്ച്ച അർധരാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. അഴുക്കുചാൽ വ‍ൃത്തിയാക്കാൻ ഇറങ്ങിയ ഹോട്ടലിലെ മൂന്ന് ജീവനക്കാർ ഉൾപ്പടെ ഏഴ് പേരാണ്  മരിച്ചത്.

വഡോദരയ്‍ക്ക് 30 കിലോമീറ്റര്‍ അകലെയുള്ള ഫാര്‍തികുയ്‍ എന്ന ഗ്രാമത്തിലെ ദർശൻ ഹോട്ടലിലെ അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെയാണ് അപകടം. അഴുക്കുചാല്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളികൾ തിരിച്ച് വരാത്തതിനെ തുടർന്ന് അവരെ രക്ഷിക്കുന്നതിനായി മാൻഹോളിലേക്ക് ഇറങ്ങിയവരും മരണപ്പെടുകയായിരുന്നു.

ശ്വാസംമുട്ടിയാണ് എല്ലാവരും മരണപ്പെട്ടതെന്ന് ജില്ലാ കളക്ടര്‍ കിര്‍ സവേരി മാധ്യമങ്ങളോട് പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബത്തിന് ​ഗുജറാത്ത് സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഹോട്ടൽ ഉടമയ്ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.