Asianet News MalayalamAsianet News Malayalam

ജാമിയ മിലിയ പ്രക്ഷോഭം; ഏഴുപേരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, മുന്‍ കോണ്‍ഗ്രസ് എംഎല്‍എയെയും പ്രതിചേര്‍ത്തു

പൗരത്വ ഭേദഗതിക്കെതിരെ ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് നടന്നിരുന്നത്

Seven were sent to judicial custody on protest in Jamia Millia Islamia
Author
Delhi, First Published Dec 17, 2019, 10:45 PM IST


ദില്ലി: ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാലയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭത്തില്‍ അറസ്റ്റിലായ എഴുപേരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ആസിഫ് ഖാനെയും മൂന്ന് വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളെയും പ്രതിചേര്‍ത്തു. പൗരത്വ ഭേദഗതിക്കെതിരെ ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് നടന്നിരുന്നത്.  പൊലീസ് സര്‍വ്വകലാശാലക്ക് ഉള്ളിലേക്ക് കടന്നുകയറുകയും വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും ചെയ്തു. 

പൊലീസ് ആക്രമണങ്ങളില്‍ 200 അധികം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.  ആക്രമണം അഴിച്ചുവിട്ടത് പുറത്തു നിന്നും എത്തിയവരാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഇതുമായി ബന്ധമില്ലെന്നും സര്‍വ്വകലാശാല  അധികൃതരും വിദ്യാര്‍ത്ഥികളും വ്യക്തമാക്കിയിരുന്നു. അതേസമയം ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. 

പൗരത്വ നിയമ ഭേദഗതിയില്‍ വിദ്യാര്‍ത്ഥികള്‍ തെറ്റിദ്ധരിക്കപ്പെട്ടെന്നും പൊലീസ് ബലം പ്രയോഗിക്കാന്‍ നിര്‍ബന്ധിതരായെന്നുമായിരുന്നു അമിത് ഷായുടെ വിശദീകരണം. ഇന്ത്യാ ടുഡേ കോണ്‍ക്ലേവിലായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. പൗരത്വ നിയമഭേദഗതി നടപ്പാക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് ദില്ലിയില്‍ നടന്ന റാലിയില്‍ അമിത് ഷാ വ്യക്തമാക്കിയതിന് പിന്നാലെയാണ് ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചത്.


 

Follow Us:
Download App:
  • android
  • ios