ലക്നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ വീണ്ടും പീഡനം. വീടിനുമുന്നില്‍ കളിച്ചുകൊണ്ടിരുന്ന ഏഴുവയസ്സുകാരിയാണ് പീഡനത്തിനിരയായത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‍തു. ഇന്നലെ വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. ഏഴുവയസ്സുകാരി വീടിനുമുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് വീട്ടില്‍ കുട്ടിയുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നില്ല. പെണ്‍കുട്ടിയുടെ വീടിനടുത്ത് താമസിക്കുന്ന ആള്‍ കുട്ടിയെ അയാളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു.

സംഭവത്തിന് ശേഷം പെണ്‍കുട്ടി തന്നെയാണ് രക്ഷിതാക്കളോടെ നടന്ന സംഭവങ്ങള്‍ പറഞ്ഞത്. തുടര്‍ന്ന് കുട്ടിയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കി. എസ്‍പി അടക്കമുള്ളവര്‍ കുട്ടിയുടെ വീട്ടിലെത്തി. അപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. പിന്നീട് പൊലീസ് നടത്തിയ തിരച്ചിലില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായും എസ്‍പി വിക്രാന്ത് വീര്‍ മാധ്യമങ്ങളോട് പറഞ്ഞു. കുറച്ച് ദിവസം മുമ്പാണ് ബലാല്‍സംഗത്തിനിരയായ സ്ത്രീ നീതി നിഷേധിക്കപ്പെടുന്നു എന്നാരോപിച്ച് പോലീസ് സ്റ്റേഷനുമുന്നില്‍ തീകൊളുത്തിയത്.