സവിദാന്‍ സംരക്ഷണ സമിതി എന്ന പേരിലുള്ള ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമുയര്‍ന്നത്

ബെംഗലൂരു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ കര്‍ണാടകയില്‍ വന്‍ പ്രതിഷേധം. കറുത്ത ബലൂണുകളും കൊടിയും ആകാശത്ത് പറത്തി, ഗോ ബാക്ക് വിളികളുമായാണ് പ്രതിഷേധക്കാര്‍ ഹൂബ്ലിയില്‍ ബിജെപി ദേശീയ അധ്യക്ഷനെ വരവേറ്റത്. പ്രതിഷേധം കനത്തതോടെ പൊലീസ് നിരവധിപേരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

സവിദാന്‍ സംരക്ഷണ സമിതി എന്ന പേരിലുള്ള ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രിക്കെതിരെ പ്രതിഷേധമുയര്‍ന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കമുള്ളവരും പ്രതിഷേധനത്തിന്‍റെ മുന്‍നിരയില്‍ അണിനിരന്നു. മോദി സര്‍ക്കാര്‍ ഭരണഘടനയെ തകര്‍ക്കുകയാണെന്നും മതത്തിന്‍റെ പേരില്‍ ജനങ്ങളെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടികാട്ടി.

അതേസമയം പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് രാഹുല്‍ ഗാന്ധിയുമായി സംവാദത്തിന് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബെംഗലുരു പറഞ്ഞു. സ്ഥലവും തിയ്യതിയും രാഹുലിന് തീരുമാനിക്കാമെന്നും കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി രാഹുലിന് മറുപടി തരുമെന്ന് അമിത് ഷാ വിവരിച്ചു.

'പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നവർ ദളിത്‌ വിരുദ്ധരാണ്, ജെഎൻയുവിൽ മുഴങ്ങിയത് രാജ്യദ്രോഹ മുദ്രാവാക്യങ്ങളാണ്. ഇന്ത്യയിൽ എവിടെയും ഈ മുദ്രാവാക്യങ്ങൾ ഉയരാൻ അനുവദിക്കില്ല, പാകിസ്ഥാനിൽ 30% ഉണ്ടായിരുന്ന ന്യൂനപക്ഷങ്ങൾ ഇപ്പോള്‍ 3% ആയി ചുരുങ്ങി, ന്യൂനപക്ഷങ്ങളെ പാകിസ്ഥാന്‍ കൊന്നൊടുക്കി'- അമിത് ഷായുടെ വാക്കുകള്‍.