'ഇല്ല' എന്നു പറയാനുള്ള അവകാശം വിവാഹിതയാകുന്നതോടെ ഒരു സ്ത്രീയ്ക്ക് നഷ്ടപ്പെടുമോയെന്നും എന്തുകൊണ്ടാണ് അവിവാഹിതയായ ഒരു സ്ത്രീയില്‍ നിന്ന് വിവാഹിതയായ സ്ത്രീയുടെ പ്രശ്നം വ്യത്യസ്തമായിരിക്കുന്നതെന്നും കോടതി ചോദിച്ചു. ലൈംഗിക കാര്യങ്ങളില്‍ സ്വയം തീരുമാനമെടുക്കാനുള്ള സ്ത്രീകളുടെ അവകാശത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും എല്ലാ ബലാത്സംഗങ്ങളും ശിക്ഷിക്കപ്പെടേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു

വൈവാഹിക ബലാത്സംഗം (Marital Rape) സംബന്ധിച്ച് നിര്‍ണായക നിരീക്ഷണവുമായി ദില്ലി ഹൈക്കോടതി (Delhi Highcourt). സമ്മതത്തോട് കൂടിയല്ലാതെയുള്ള ലൈംഗിക ബന്ധത്തോട് (Sex without Consent) നോ പറയാന്‍ എല്ലാ സ്ത്രീകള്‍ക്കും അവകാശമുണ്ടെന്നാണ് ദില്ലി ഹൈക്കോടതി വിശദമാക്കുന്നത്. ലൈംഗികത്തൊഴിലാളിക്ക് സെക്സിന് താല്‍പര്യമില്ലെന്ന് പറയാനുള്ള അവകാശമുള്ളപ്പോള്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് ആ അവകാശം ലഭിക്കാത്തതെന്താണെന്ന് ദില്ലി ഹൈക്കോടതി ചോദിക്കുന്നത്.

വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കുന്നത് സംബന്ധിച്ച പരാതികള്‍ പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് രാജീവ് ഷാക്ദേരിന്‍റെ നിര്‍ണായക നിരീക്ഷണം. ഇന്ത്യന്‍ ബലാത്സംഗ നിയമപ്രകാരം ഭര്‍ത്താക്കന്മാര്‍ക്ക് അനുവദിച്ചിരിക്കുന്ന ഇളവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ജിഒകളായ ആര്‍ഐടി ഫൗണ്ടേഷന്‍, ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍സ് അസോസിയേഷന്‍ എന്നീ സംഘടനകളും ഒരു പുരുഷനും ഒരു സ്ത്രീയും സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 375-ാം വകുപ്പ് പ്രകാരം ഭര്‍ത്താക്കന്മാര്‍ക്ക് പ്രോസിക്യൂഷന്‍ നല്‍കിയിട്ടുള്ള ഇളവുകള്‍ ചില തടസ്സങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും, ഈ ഇളവുകള്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, ആര്‍ട്ടിക്കിള്‍ 21 എന്നിവയെ ലംഘിക്കുന്നുണ്ടോയെന്ന കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി ബെഞ്ച് അഭിപ്രായപ്പെട്ടു.

ജസ്റ്റിസ് ഷാകേദേര്‍, സി ഹരിശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നിരീക്ഷണം. 'ഇല്ല' എന്നു പറയാനുള്ള അവകാശം വിവാഹിതയാകുന്നതോടെ ഒരു സ്ത്രീയ്ക്ക് നഷ്ടപ്പെടുമോയെന്നും എന്തുകൊണ്ടാണ് അവിവാഹിതയായ ഒരു സ്ത്രീയില്‍ നിന്ന് വിവാഹിതയായ സ്ത്രീയുടെ പ്രശ്നം വ്യത്യസ്തമായിരിക്കുന്നതെന്നും കോടതി ചോദിച്ചു. ലൈംഗിക കാര്യങ്ങളില്‍ സ്വയം തീരുമാനമെടുക്കാനുള്ള സ്ത്രീകളുടെ അവകാശത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും എല്ലാ ബലാത്സംഗങ്ങളും ശിക്ഷിക്കപ്പെടേണ്ടതാണെന്നും വിവാഹബന്ധവും വിവാഹേതര ബന്ധവും തമ്മില്‍ വ്യത്യാസമുണ്ടെന്നും നിരീക്ഷിച്ചു. ബലാത്സംഗക്കേസുകളില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് ഒരിളവും നല്‍കുന്നില്ല. സെക്ഷന്‍ 375 ന് അനുസരിച്ച് നല്‍കിയ ഇളവുകള്‍ക്കെതിരെയാണ് കോടതി നിരീക്ഷണം.

ഐപിസി സെക്ഷൻ 375 പ്രകാരം ഒരു പുരുഷൻ, 15 വയസ് തികഞ്ഞ സ്വന്തം ഭാര്യയുമായി പുലർത്തുന്ന ലൈംഗികബന്ധം ബലാത്സംഗത്തിന്റെ പരിധിയിൽപ്പെടില്ല. സ്ത്രീകളുടെ വിഷയം വരുമ്പോള്‍ ഭാര്യയ്ക്ക് കുറഞ്ഞ ശാക്തീകരണം നടപ്പിലാവുന്നത് എങ്ങനെയാണെന്നും കോടതി ചോദിച്ചു. കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കോടതി കേസ് ബുധനാഴ്ചത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. ഭാര്യയുടെ ഇഷ്ടമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിയമവിരുദ്ധമല്ലെന്ന് ഓഗസ്റ്റ് 12 ന് മുംബൈ സിറ്റി അഡീഷണൽ സെഷൻസ് കോടതിയും വൈവാഹിക ബലാത്സംഗമെന്നത് കുറ്റമല്ലെന്ന് ഓഗസ്ത് 26 ന് ഛത്തീസ്ഗഢ് കോടതിയും വിധിച്ചിരുന്നു. എന്നാല്‍ വൈവാഹിക ബലാത്സംഗം ക്രൂരതയാണെന്നും അത് വിവാഹമോചനത്തിന് കാരണമാകാമെന്നുമാണ് ഓഗസ്റ്റ് ആറിന് കേരള ഹൈക്കോടതി വിധിച്ചത്. ലോകത്തിലെ 151 രാജ്യങ്ങളിൽ വൈവാഹിക ബലാത്സം ഭാര്യയുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റവും ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമായും ആണ് കണക്കാക്കുന്നത്.