Asianet News MalayalamAsianet News Malayalam

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പരാതി; ജസ്റ്റിസുമാരുടെ മൂന്നംഗ സമിതി അന്വേഷിക്കും

ജസ്റ്റിസിനെ പീഢനക്കേസിൽ കുടുക്കാൻ ഒരു വലിയ ശക്തി പ്രവ‍ർത്തിച്ചുവെന്ന് അഭിഭാഷകൻ ഉത്സവ് ബെയ്ൻസിൻ നൽകിയ സത്യവാങ്മൂലം നാളെ പരിഗണിക്കാനിരിക്കെയാണ് ലൈംഗിക പരാതി അന്വേഷിക്കാൻ ജസ്റ്റിസുമാരുടെ സമിതിയെ നിയമിച്ചിരിക്കുന്നത്

sexual abuse case against chief justice will hear committee headed by s a bobde
Author
Delhi, First Published Apr 23, 2019, 10:50 PM IST

ദില്ലി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗിക പരാതി ജസ്റ്റിസ് എസ് എ ബോബ്ഡേ അദ്ധ്യക്ഷനായ മൂന്നംഗ സമിതി അന്വേഷിക്കും. ജസ്റ്റിസ് എൻ വി രമണ, ഇന്ദിര ബാനർജി എന്നിവരടങ്ങിയ ഈ സമിതിയാണ്  പരാതിയിലെ തുടർ നടപടികൾ തീരുമാനിക്കുക.

ജസ്റ്റിസിനെ പീ‍‍‍ഡനക്കേസിൽ കുടുക്കാൻ ഒരു വലിയ ശക്തി പ്രവ‍ർത്തിച്ചുവെന്ന് ദില്ലി സ്വദേശിയായ അഭിഭാഷകൻ ഉത്സവ് ബെയ്ൻസിൻ സത്യവാങ്മൂലം നൽകിയിരുന്നു. ആ കേസ് നാളെ പരിഗണിക്കാനിരിക്കെയാണ് ലൈംഗിക പരാതി അന്വേഷിക്കാൻ ജസ്റ്റിസുമാരുടെ സമിതിയെ നിയമിച്ചിരിക്കുന്നത്. സമിതി ആദ്യം യുവതിയുടെ മൊഴി രേഖപ്പെടുത്തും. 

ജെറ്റ് എയർവേയ്‍സിന്‍റെ ഉടമ നരേഷ് ഗോയലും വാതുവയ്പ്പുകാരനും ഇടനിലക്കാരനുമായ രമേശ് ശർമയുമാണ് ഈ ആരോപണമുന്നയിച്ചതെന്നാണ് ഉത്സവ് ബെയ്ൻസ് ആരോപിച്ചത്. പ്രതിസന്ധിയിലായ ജെറ്റ് എയർവേയ്‍സിനെതിരായ ഹർജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെ അനുകൂല വിധി കിട്ടാനും കടങ്ങൾ എഴുതിത്തള്ളാനുമായി നരേഷ് ഗോയൽ ചീഫ് ജസ്റ്റിസിന് കോഴ കൊടുക്കാൻ ശ്രമിച്ചെന്നായിരുന്നു ഉത്സവ് ബെയ്‍ൻസിന്‍റെ വെളിപ്പെടുത്തൽ. ജെറ്റ് എയർവേയ്‍സിൽ ദാവൂദ് ഇബ്രാഹിമിന് നിക്ഷേപമുണ്ടെന്നും, കോഴ കൊടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ ഗതി കെട്ട്, ഇത്തരമൊരു വ്യാജ ആരോപണമുന്നയിക്കുകയായിരുന്നെന്നുമാണ് അഭിഭാഷകൻ പറയുന്നത്. 

പരാതിയ്ക്ക് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അതീവ അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. പരാതിയിലുള്ള ആരോപണങ്ങളെല്ലാം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നിഷേധിച്ചു. തന്നെ സ്വാധീനിക്കാൻ കഴിയാത്തതിനാലാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് അസാധാരണ നടപടിയിലൂടെ പറഞ്ഞു. താൻ രാജിവയ്ക്കില്ലെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേ‍ർത്തു.

Follow Us:
Download App:
  • android
  • ios