കൈകോർത്ത് എസ്എഫ്ഐ, എൻഎസ്‍യു, എഐഎസ്എഫ്, ഐസ; 16 വിദ്യാർഥി സംഘടനകളുടെ സംയുക്ത പ്രഖ്യാപനം; കേന്ദ്രത്തിനെതിരെ സമരം
വിദ്യാർത്ഥി സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ദില്ലിയിൽ ജനുവരി പന്ത്രണ്ടിന് 25,000 പേർ പങ്കെടുക്കുന്ന പാർലമെന്റ് മാർച്ചും ഫെബ്രുവരി 1 ന് ചെന്നൈയിൽ റാലിയും സംഘടിപ്പിക്കും

ദില്ലി: കേന്ദ്രസർക്കാരിനെതിരെ സമരപ്രഖ്യാപനവുമായി 16 വിദ്യാർഥി സംഘടനകൾ രംഗത്ത്. തൃണമൂൽ കോണ്ഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ ചത്ര പരിഷദ് ഒഴികെയുളള വിദ്യാർത്ഥി സംഘടനകൾ ദില്ലിയിൽ സംയുക്ത വാർത്ത സമ്മേളനം നടത്തി. യുണൈറ്റഡ് സ്റ്റുഡന്റസ് ഓഫ് ഇന്ത്യ എന്ന പേരിലാണ് സംയുക്ത സഖ്യം. പുത്തൻ വിദ്യാഭ്യാസ നയവും നീറ്റും ഒഴിവാക്കുക, വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണവും വാണിജ്യവൽക്കരണവും തടയുക തുടങ്ങി എട്ടോളം ആവശ്യങ്ങളാണ് സംഘടനകൾ മുന്നോട്ട് വച്ചിട്ടുള്ളത്.
വിദ്യാർത്ഥി സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ദില്ലിയിൽ ജനുവരി പന്ത്രണ്ടിന് 25,000 പേർ പങ്കെടുക്കുന്ന പാർലമെന്റ് മാർച്ചും ഫെബ്രുവരി 1 ന് ചെന്നൈയിൽ റാലിയും സംഘടിപ്പിക്കും. രാജ്യത്തെ എല്ലാ ക്യാംപസുകളിൽ പ്രതിഷേധം സംഘടിപ്പിക്കുവാനും യുണൈറ്റഡ് സ്റ്റുഡന്റസ് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്തു. ഐസ, എസ് എഫ് ഐ, എ ഐ എസ് എഫ്, എൻ എസ് യു, സി വൈ എസ് എസ് അടക്കം പതിനാറ് വിദ്യാർഥി സംഘടനകളടങ്ങിയതാണ് സഖ്യം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ എസ് എഫ് ഐയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് യൂണിയന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ എത്തും എന്നതാണ്. യൂണിയന്‍ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനായാണ് ഉദയനിധി സ്റ്റാലിന്‍ കണ്ണൂരിലെത്തുന്നത്. എസ് എഫ് ഐ സംസ്ഥാന പ്രസിഡന്‍റ് അനുശ്രീയാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ഥികളിലേക്ക് മാനവികതയുടെയും സമഭാവനയുടെയും ആശയങ്ങളിലെത്തിക്കുക എന്നതാണ് മേളയുടെ പ്രാഥമിക ലക്ഷ്യം. സര്‍വകലാശാലയുടെ മുഖ്യകേന്ദ്രമായ താവക്കര ക്യാമ്പസില്‍ നവംബര്‍ 27, 28, 29 തീയതികളിലാണ് സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. നൂറോളം സെഷനുകള്‍ മേളയിലുണ്ടാവും. കേരളത്തിലും പുറത്തുമുള്ള വിഖ്യാതരായ എഴുത്തുകാരും ചിന്തകരും ഗവേഷകരുമായ നൂറോളം പേര്‍ പരിപാടിയുടെ ഭാഗമാകുമെന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്‍റ് അറിയിച്ചു.