'ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. രാജ്യം വിട്ടു പോകാൻ ഞാൻ ഉദ്ദേശിക്കുന്നുമില്ല. ഞാൻ ജനിച്ചത് ഇവിടെയാണ്. ഇവിടെ വച്ച് തന്നെ ഞാൻ മരിക്കുകയും ചെയ്യും'- ശബാന ആസ്മി ട്വിറ്ററിൽ കുറിച്ചു
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടു അധികാരത്തിലേറിയാൽ താൻ ഇന്ത്യവിടുമെന്നുള്ള വാർത്തകളോട് പ്രതികരിച്ച് ബോളിവുഡ് താരവും സാമൂഹ്യ പ്രവർത്തകയുമായ ശബാന ആസ്മി. അത്തരത്തിലൊരു കാര്യം പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകളെന്ന രീതിയിൽ പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും ആസ്മി പറഞ്ഞു. ട്വിറ്ററിലൂടെയാണ് താരം വ്യാജ വാർത്തയ്ക്കെതിരെ രംഗത്തെത്തിയത്.
മോദി വീണ്ടും പ്രധാനമന്ത്രിയായാൽ ആസ്മി ഇന്ത്യ വിടുമെന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 'ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. രാജ്യം വിട്ടു പോകാൻ ഞാൻ ഉദ്ദേശിക്കുന്നുമില്ല. ഞാൻ ജനിച്ചത് ഇവിടെയാണ്. ഇവിടെ വച്ച് തന്നെ ഞാൻ മരിക്കുകയും ചെയ്യും'- ശബാന ആസ്മി ട്വിറ്ററിൽ കുറിച്ചു.
ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവരോട് സഹതാപമാണ് തോന്നുന്നത്. പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കാത്തിടത്തോളം അവർ നുണ പ്രചരിപ്പിക്കും. അവ സത്യമാണെന്ന് ജനങ്ങൾ വിശ്വസിക്കുകയും ചെയ്യുമെന്നും ആസ്മി കൂട്ടിച്ചേർത്തു. ശബാന ആസ്മിയുടേതെന്ന പേരിൽ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതിനിടയിലാണ് വെളിപ്പെടുത്തലുമായി താരം രംഗത്തെത്തിയിരിക്കുന്നത്.
