പാഠ്യവിഷയങ്ങൾ മികച്ച രീതിയിൽ പറഞ്ഞുകൊടുക്കാനാണ് ഭൂരിഭാ​ഗം അധ്യാപകരും ശ്രമിക്കാറുള്ളത്. അതിനായി അവർ എളുപ്പവഴികൾ കണ്ടെത്താറുമുണ്ട്. പ്രത്യേകിച്ച് കണക്ക് പോലുള്ള വിഷയങ്ങളിൽ. അത്തരത്തിൽ ഒൻപതിന്റെ ഗുണനപട്ടിക എളുപ്പത്തിൽ മനസിലാക്കാൻ കുട്ടികൾക്ക് ഒരു അധ്യാപിക പറഞ്ഞുകൊടുക്കുന്ന വിദ്യയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

റൂബി കുമാരി എന്ന അധ്യാപികയാണ് കൈവിരലുകൾ വച്ച് ഒൻപതിന്റെ ഗുണനപ്പട്ടിക എളുപ്പത്തിൽ കുട്ടികൾക്ക് മനസിലാക്കി കൊടുക്കുന്നത്. ഇതിന്റെ വീ‍ഡിയോ പുറത്തുവന്നതിന് പിന്നാലെ ബോളിവുഡ് സൂപ്പർതാരം ഷാരൂഖാനും വ്യവസായിയായ ആനന്ദ് മഹീന്ദ്രയുമടക്കം നിരവധി പേരാണ് അധ്യാപികയെ അഭിനന്ദിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്.

‘എനിക്ക് ഈ ബുദ്ധിപരമായ കുറുക്കുവഴി അറിയില്ലായിരുന്നു. ഇവരെന്റെ കണക്ക് ടീച്ചറായെങ്കിലെന്ന് ആഗ്രഹിക്കുകയാണ്, ആയിരുന്നെങ്കിൽ ഞാൻ വിഷയം കുറച്ചുകൂടി നന്നായി പഠിച്ചേനേ’ എന്ന് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തപ്പോൾ,  ‘നിങ്ങൾക്കറിയില്ല എന്റെ ജീവിതത്തിലെ എത്രമാത്രം പ്രശ്‌നങ്ങളാണ് ഈ ചെറിയ കണക്കുകൂട്ടൽ മാറ്റി മറിച്ചതെന്ന്…’ എന്നായിരുന്നു ഷാരൂഖിന്റെ  റീട്വീറ്റ്.

തന്റെ വീഡിയോ പങ്കുവച്ചതിന് റൂബി കുമാരി, ഷാരൂഖ് ഖാനോടും ആനന്ദ് മഹീന്ദ്രയോടും നന്ദി അറിയിച്ചു. ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിന് 16,000ൽ അധികം റീട്വീറ്റുകളും അരലക്ഷത്തിലധികം ലൈക്കുകളുമാണ് വീഡിയോ പങ്കുവച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ലഭിച്ചത്.