ദില്ലി: കേന്ദ്ര സര്‍ക്കാര്‍ സിഎഎ, എൻപിആ‍ര്‍, എൻആര്‍സി എന്നിവ പിൻവലിച്ചാലുടൻ ഷാഹീൻബാഗിലെ സമരം അവസാനിപ്പിക്കുമെന്ന് സമരക്കാര്‍. വഴിയടച്ചുള്ള സമരം അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥ ച‍ര്‍ച്ചയ്ക്ക് സുപ്രീം കോടതി നിയമിച്ച അഭിഭാഷക സംഘത്തോടാണ് സമരക്കാര്‍ ഈ ആവശ്യം ഉന്നയിച്ചത്. തുട‍ര്‍ച്ചയായ മൂന്നാം ദിവസവും മധ്യസ്ഥ ചര്‍ച്ച സമയവായം കണ്ടെത്താനാകാതെ പിരിഞ്ഞു.

അതേസമയം, സുരക്ഷ ഉറപ്പാക്കാമെന്ന് രേഖാമൂലം ഉറപ്പ് ലഭിച്ചാല്‍ റോഡിന്‍റെ ഒരു ഭാഗം ഗതാഗതത്തിനായി തുറന്നുകൊടുക്കാമെന്ന് സമരക്കാർ വ്യക്തമാക്കി. ചർച്ചയിൽ സമരക്കാര്‍ നിലപാട് മയപ്പെടുത്തിയത് മധ്യസ്ഥ സമിതിക്ക് നേട്ടമായി. സമര വേദി മാറ്റില്ലെന്ന നിലപാടിലുറച്ചു നിന്ന സമരക്കാര്‍ അയഞ്ഞതിന് പിന്നാലെ സമരപ്പന്തലിലെ കുട്ടിയെ തോളിലേറ്റി ആഹ്ളാദം പങ്കുവച്ചാണ് സഞ്ജയ് ഹെഗ്ഡേ മടങ്ങിയത്

മുന്നൂതവണ സമരപ്പന്തലിന് നേരെ ആക്രമണം ഉണ്ടായെന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടി. സുരക്ഷയുടെ കാര്യത്തില്‍ അമിത് ഷായും, ദില്ലി പൊലീസും രേഖാമൂലം ഉറപ്പ് നല്‍കണമെന്ന ആവശ്യവും മുന്നോട്ട് വച്ചു. 

കഴിഞ്ഞ രണ്ടു ദിവസം ചർച്ച നടത്തിയെങ്കിലും സമവായം ആയിരുന്നില്ല. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷക സാധന രാമചന്ദ്രൻ സമരവേദിയിലെത്തി സമരക്കാരെ കണ്ടത്. കഴിഞ്ഞ രണ്ടു ദിവസത്തെ ചർച്ചയിലും സമവായം കണ്ടെത്താൻ സാധിക്കാതിരുന്നത് സമരവേദി മാറ്റില്ല എന്ന് സമര സമിതി നിലപാട് എടുത്തതോടെയാണ്.

ബാരിക്കേഡ് വച്ചു റോഡ് ആദ്യം അടച്ചത് ദില്ലി പോലീസാണെന്ന് സമരക്കാർ ആരോപിച്ചു. വേദി മാറ്റില്ലെന്ന തീരുമാനം അവ‍ര്‍ വീണ്ടും ആവര്‍ത്തിച്ചു. തീരുമാനം നിങ്ങളുടെ കൈയ്യിലാണെന്ന് അഭിഭാഷകൻ സഞ്ജയ്‌ ഹെഗ്‌ഡെ മറുപടി നൽകി. 

സമരക്കാർക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് ദില്ലി പൊലീസ് പറഞ്ഞു. റോഡിന്റെ ഒരു ഭാഗം തുറന്നു കൊടുത്താൽ സുരക്ഷ ഉറപ്പാക്കാൻ കഴിയുമോ എന്നു പോലീസിനോട്‌ സാധന രാമചന്ദ്രൻ ചോദിച്ചു. ആംബുലൻസുകളും സ്കൂൾ ബസുകളും ഈ വഴി പോകുന്നുണ്ടെന്നും സർക്കാർ നുണ പറയുകയാണെന്നും സമരക്കാർ ആരോപിച്ചു.

പ്രതിഷേധിക്കാൻ ഞങ്ങൾക്ക് അവകാശം ഉണ്ടെന്നു സമരക്കാർ പറഞ്ഞു. ഇവിടെ തീവ്രവാദികൾ ഇല്ല, സമരം സമാധാനപരമാണ്. പൗരത്വ നിയമ ഭേദഗതി പിൻവലിക്കും വരെ സമരം തുടരും. ഗതാഗത പ്രശ്നവും സുരക്ഷയും ആണ് ഇപ്പോഴത്തെ വിഷയം എന്ന് സാധന രാമചന്ദ്രൻ സമരക്കാരെ ഓ‍ര്‍മ്മിപ്പിച്ചു. അഭ്യന്തര മന്ത്രി ഉൾപ്പടെ ഉള്ളവർ എൻആ‍ര്‍സി ഉടൻ നടപ്പാക്കില്ല എന്നാണ് പറയുന്നത്.. എന്ന് നടപ്പാക്കും എന്നാണ് ഞങ്ങൾ ചോദിക്കുന്നത്. അതിനു ഉത്തരം ലഭിക്കും വരെ സമരം തുടരുമെന്ന് സമരക്കാർ വ്യക്തമാക്കി.

നമ്മൾ എല്ലാവരും മനുഷ്യർ ആണെന്നും മറ്റുള്ളവരുടെ ബുദ്ധിമുട്ട് മനസിലാക്കണമെന്നും അഭിഭാഷക സാധന രാമചന്ദ്രൻ മറുപടി നൽകി. എന്തുകൊണ്ടാണ് മറ്റു വഴികൾ തുറക്കാത്തതെന്ന് സാധന പോലീസിനോട്‌ ചോദിച്ചു. നോയിഡ-ഫരീദാബാദ് വഴി തുറന്നിട്ട്‌ അടച്ചത് സുപ്രിം കോടതിയെ അറിയിക്കുമെന്ന് സമരക്കാര്‍ക്ക് അഭിഭാഷക ഉറപ്പുനൽകി. ഇതിനിടെ ഷാഹീൻബാഗ് സമരത്തിന് ദില്ലി പോലീസ് സഹായമായിരുന്നു ചെയ്തതെന്ന് സമരക്കാരിൽ ഒരാൾ പറഞ്ഞു. ആൾക്കൂട്ടം ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചു.