ദില്ലി: ഷഹീന്‍ ബാഗില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടക്കുന്ന സ്ഥലത്തിന് സമീപം വെടിവെപ്പ് നടത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ  കപില്‍ ഗുജ്ജാറിന് വന്‍ സ്വീകരണമൊരുക്കി നാട്ടുകാര്‍. ദില്ലിയിലെ ദല്ലുപുര സ്വദേശിയാണ് കപില്‍ ഗുജ്ജര്‍. ഫെബ്രുവരി 1നാണ് ദില്ലി ഷഹീന്‍ ബാഗില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവര്‍ക്ക് സമീപം ഇയാള്‍ വെടിയുതിര്‍ത്തത്. വെള്ളിയാഴ്ചയാണ് കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്. 

ഷഹീന്‍ബാഗ് സമരക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത യുവാവ് ആംആദ്മി പ്രവര്‍ത്തകനെന്ന് ദില്ലി പൊലീസ്

ജാമ്യം അനുവദിക്കരുതെന്നും അന്വേഷണത്തിന്‍റെ  ഈ ഘട്ടത്തില്‍ ജാമ്യം നല്‍കുന്നത് കേസിനെ ബാധിക്കുമെന്നുമുള്ള പൊലീസ് വാദം കണക്കിലെടുക്കാതെയായിരുന്നു ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്. ഭഗത് സിംഗിന്‍റെ ടീ ഷര്‍ട്ട് അണിഞ്ഞ് നാട്ടിലെത്തിയ കപില്‍ ഗുജ്ജറിന് വന്‍ സ്വീകരണമാണ് ഒരുക്കിയത്. വാദ്യമേളങ്ങളോടെ ആലിംഗനം ചെയ്ത് ഇയാളെ സ്വീകരിക്കുന്ന വീഡിയ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. നിയമത്തിന് മുന്നില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കില്ലെന്ന് അയാളുടെ അഭിഭാഷകന്‍ കോടതിയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു. 

ഷഹീൻ ബാഗില്‍ വെടിയുതിര്‍ത്ത കപില്‍ ഗുജ്ജാറിന് ജാമ്യം

ഇയാള്‍ക്ക് എതിരെ മറ്റ് കേസുകള്‍ ഒന്നും തന്നെയില്ലെന്നും ഭാര്യയും കുഞ്ഞും ഇയാളെ ആശ്രയിച്ചാണ് കഴിയുന്നതെന്നും യുവാവിനെ കസ്റ്റഡിയില്‍ പാര്‍പ്പിക്കേണ്ട ആവശ്യമില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. ജാമ്യം അനുവദിച്ച കോടതി ജാമ്യ തുകയായി 25000 കെട്ടിവെയ്ക്കുന്നതിനും നിര്‍ദേശിക്കുകയുമായിരുന്നു. ഹിന്ദുരാഷ്ട്ര സിന്ദാബാദ് എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു ഇയാള്‍ വെടിവെച്ചത്. എന്നാല്‍  ഇയാള്‍ക്ക് ആം ആദ്മി പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന ആരോപണവുമായി ബിജെപി രംഗത്ത് വന്നിരുന്നു. 

കപിൽ ആം ആദ്മി പാർട്ടി പ്രവർത്തകനാണെന്നായിരുന്നു പൊലീസ് വാദവും. ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ എഎപി നേതാക്കളോടൊപ്പം നില്‍ക്കുന്ന ചിത്രം ശ്രദ്ധയില്‍പ്പെട്ടതായി പൊലീസ് പറഞ്ഞിരുന്നു. അച്ഛനും കൂട്ടുകാര്‍ക്കുമൊപ്പം കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ എഎപിയില്‍ അംഗത്വമെടുത്തതെന്നും പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ പൊലീസിന്‍റെ വാദം തള്ളി കപിലിന്‍റെ  അച്ചനും സഹോദരനും രംഗത്ത് വന്നിരുന്നു.