ദില്ലി: ബംഗ്ലാദേശിന്‍റ 50-ാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിലേക്ക് ഗാന്ധി കുടുംബത്തെ പ്രത്യേകം ക്ഷണിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി. ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധിയെയും കുടുംബത്തെയും സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിലേക്ക് പ്രത്യേകം ക്ഷണിച്ചതായി കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മയാണ് വ്യക്തമാക്കിയത് 
നാല് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഇന്ത്യയിലെത്തിയത്.

സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അടങ്ങുന്ന കോണ്‍ഗ്രസ് സംഘം ഇന്നലെ ഷെയിഖ് ഹസീനയെ സന്ദര്‍ശിച്ചിരുന്നു. രാജ്യസഭാ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശര്‍മ്മയും സംഘത്തില്‍ സന്നിഹിതമായിരുന്നു.

ഷെയിഖ് സഹീന, കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെയും മുന്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധി എന്നിവരെ 50-ാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഗാന്ധികുടുംബം ക്ഷണം സ്വീകരിച്ചതായും ആനന്ദ് ശര്‍മ്മ വ്യക്തമാക്കി. വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ബംഗ്ലാദേശ് ഇടം പിടിച്ചതിനെ മന്‍മോഹന്‍സിംഗും സോണിയയും പ്രശംസിച്ചു. എന്നാല്‍ എന്‍ ആര്‍സി നടപ്പിലാക്കുന്നത് സംബന്ധിച്ച് ചര്‍ച്ചയൊന്നും ഉണ്ടായില്ലെന്നും ആനന്ദ് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.