Asianet News MalayalamAsianet News Malayalam

Gangrape Case: 'പൊതുവികാരം നോക്കി ശിക്ഷിക്കരുത്' കൂട്ടബലാത്സംഗ കേസ് കുറ്റവാളികളുടെ വധശിക്ഷ റദ്ദാക്കി ഹൈക്കോടതി

ശക്തി മിൽസ് കൂട്ടബലാത്സംഗക്കേസിലെ മൂന്ന് പ്രതികളുടെ വധശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്. 2013ൽ മുംബൈയിൽ ശക്തിമില്ലിൽ വച്ച് ഫോട്ടോ ജേണലിസ്റ്റിനെ ബലാത്സംഗം ചെയ്ത കേസിലാണ് നടപടി

Shakti Mills gangrape case: Bombay HC commutes death penalty of 3 convicts to life
Author
Mumbai, First Published Nov 25, 2021, 4:13 PM IST

മുംബൈ: മാധ്യമപ്രവർത്തകയെയും പെൺകുട്ടിയെയും കൂട്ടബലാത്സംഗം ചെയ്ത കേസിലെ കുറ്റവാളികളുടെ വധശിക്ഷ ബോംബെ ഹൈക്കോടതി റദ്ദാക്കി. പൊതുവികാരത്തിന്‍റെ അടിസ്ഥാനത്തിൽ വിധി പറയരുതെന്ന് പ്രസ്താവിച്ച് കൊണ്ടാണ് ബോംബെ ഹൈക്കോടതി നിലപാടെടുത്തത്. ശക്തി മിൽസ് കൂട്ടബലാത്സംഗക്കേസിലെ മൂന്ന് പ്രതികളുടെ വധശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്. 2013ൽ മുംബൈയിൽ ശക്തിമില്ലിൽ വച്ച് ഫോട്ടോ ജേണലിസ്റ്റിനെ ബലാത്സംഗം ചെയ്ത കേസിലാണ് നടപടി. ഇതേ വർഷം ജൂലൈയിൽ മറ്റൊരു പെൺകുട്ടിയെയും പ്രതികൾ ബലാത്സംഗം ചെയ്തിരുന്നു. ഇത് കൂടി പരിഗണിച്ചാണ് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. പ്രതികൾക്ക് പരോൾ പോലും ലഭിക്കാതെ ജീവപര്യന്തം കഠിന തടവാക്കി ശിക്ഷ കുറയ്ക്കുകയാണ് ബോംബെ ഹൈക്കോടതി ചെയ്തത്.

ശക്തി മിൽസ് കൂട്ടബലാത്സംഗ കേസ് സമൂഹത്തെ ഞെട്ടിച്ചതാണെന്ന യാഥാർത്ഥ്യം മനസിലാക്കുന്നുവെന്ന് ഹൈക്കോടതി പറഞ്ഞു. ഇത്തരമൊരു ഹീനകൃത്യം ശരീരത്തെയും മനസിനെയും ബാധിക്കുന്നതാണ്. എന്നാൽ പൊതുവികാരം നോക്കി ഇത്തരം കേസുകളിൽ ശിക്ഷ വിധിക്കാൻ കഴിയില്ല. വധശിക്ഷ അപൂർവമായേ നൽകാവൂ. ഇത്തരമൊരു ശിക്ഷ തിരിച്ചെടുക്കാൻ കഴിയാത്തതാണെന്നും ബോംബെ ഹൈക്കോടതി പറഞ്ഞു.

2013 ഓഗസ്റ്റ് 22 നാണ് മഹാരാഷ്ട്രയിലെ തകർന്നുകിടക്കുന്ന ശക്തി മിൽസിൽ വെച്ച് ഫോട്ടോജേണലിസ്റ്റിനെ പ്രതികൾ കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തിൽ 2014 മാർച്ച് മാസത്തിലാണ് സെഷൻസ് കോടതി കുറ്റവാളികൾക്ക് വധശിക്ഷ വിധിച്ചത്. 18കാരനായ വിജയ് മോഹൻ യാദവ്, മൊഹമ്മദ് കാസിം ഷെയ്ഖ് ബംഗാളി (20), മൊഹമ്മദ് സലിം അൻസാരി (27) എന്നിവരാണ് കേസിലെ കുറ്റക്കാർ. 2013 ജൂലൈ മാസത്തിൽ ടെലിഫോൺ ഓപ്പറേറ്ററായ മറ്റൊരു പെൺകുട്ടിയെയും പ്രതികൾ ഇതേ സ്ഥലത്ത് വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയിരുന്നു.

രണ്ട് കേസുകളിലും സമാന്തരമായാണ് വിചാരണ നടന്നത്. ഒരേ ദിവസം തന്നെ രണ്ട് കേസുകളിലും വിധി പുറപ്പെടുവിക്കുകയും ചെയ്തു. കുറ്റവാളികൾ രണ്ട് തവണ കുറ്റകൃത്യം ചെയ്തതിനാൽ ഇവർക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് അന്ന് വിചാരണ കോടതിയിൽ പ്രൊസിക്യൂഷൻ ആവശ്യപ്പെട്ടത്. അന്ന് സെഷൻസ് കോടതി പ്രിൻസിപ്പൽ ജഡ്ജായിരുന്ന ശാലിനി ഫൻസൽകർ ജോഷി പ്രൊസിക്യൂഷൻ വാദം അംഗീകരിക്കുകയും പ്രതികൾക്ക് വധശിക്ഷ വിധിക്കുകയുമായിരുന്നു.

കഴിഞ്ഞ മാസമാണ് ബോംബെ ഹൈക്കോടതിയിലെ രണ്ടംഗ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലേക്ക് പ്രതികളുടെ അപ്പീൽ ഹർജി എത്തിയത്. പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 376ഇ വകുപ്പാണ് ചുമത്തിയത്. ഈ വകുപ്പ് പ്രകാരം സ്ഥിരം കുറ്റവാളികളാണ് പ്രതികളെന്നായിരുന്നു കോടതി വിധി. എന്നാൽ ഒരു തവണ കുറ്റം ചെയ്ത് ശിക്ഷിക്കപ്പെട്ടവർ വീണ്ടും തെറ്റ് ആവർത്തിച്ച് വിചാരണ നേരിടുമ്പോഴാണ് ഈ വകുപ്പ് പ്രകാരം കേസെടുക്കാനാവൂ എന്നാണ് കോടതിയിൽ പ്രതിഭാഗം വാദിച്ചത്. ഈ വകുപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികൾക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചത്. എന്നാൽ ഹൈക്കോടതി പ്രതിഭാഗത്തിന്റെ വാദം മുഖവിലയ്ക്ക് എടുക്കുകയും അതേസമയം ജീവിതാവസാനം വരെ പ്രതികളെ പരോളില്ലാതെ തടവിൽ പാർപ്പിക്കാൻ വിധിക്കുകയുമായിരുന്നു.
 

Follow Us:
Download App:
  • android
  • ios