മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ അശോക് ഭട്ടാചാര്യ വീട്ടിൽ വീണ് തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് സിലിഗുരിയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബിജെപി, തൃണമൂൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ സന്ദർശിക്കുകയും ആരോഗ്യവിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു.
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ അശോക് ഭട്ടാചാര്യ സിലിഗുരിയിൽ വീട്ടിൽ വീണ് പരിക്കേറ്റ് ആശുപത്രിയിൽ. വീഴ്‌ചയുടെ ആഘാതത്തിൽ തലയ്ക്കാണ് അദ്ദേഹത്തിന് പരിക്കേറ്റത്. സിലിഗുരി മാറ്റിഗാരയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലാണ് അദ്ദേഹം. മന്ത്രിയും ബി.ജെ.പി നേതാവുമായ ശങ്കർ ഘോഷ് ആശുപത്രിയിലെത്തി അശോക് ഭട്ടാചാര്യയെ സന്ദർശിച്ചു. ബി.ജെ.പിയിലേക്ക് മാറുന്നതിന് മുൻപ് ശങ്കർ ഘോഷിന്റെ രാഷ്ട്രീയ ഗുരുനാഥനായിരുന്നു അശോക് ഭട്ടാചാര്യ. ഗുരുവിന്റെ ആരോഗ്യവിവരങ്ങൾ ഡോക്ടർമാരോട് ചോദിച്ചറിഞ്ഞ മന്ത്രി, അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു.
മന്ത്രി ശങ്കർ ഘോഷിന് പുറമെ തൃണമൂൽ കോൺഗ്രസ് നേതാവും സിലിഗുരി മേയറുമായ ഗൗതം ദേബും നിരവധി സിപിഎം നേതാക്കളും പ്രവർത്തകരുടെയും സാന്നിധ്യത്തിൽ അശോക് ഭട്ടാചാര്യയെ കാണാൻ ആശുപത്രിയിലെത്തിയിരുന്നു. നേതാക്കൾ ആശുപത്രിയിൽ നിൽക്കുന്ന സമയത്ത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ഫോൺ വഴി അശോക് ഭട്ടാചാര്യയുമായി സംസാരിച്ചു. സുഖവിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. അടുത്ത തവണ സിലിഗുരിയിൽ എത്തുമ്പോൾ അദ്ദേഹത്തെ നേരിട്ട് വന്ന് കാണുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


