മുംബൈ: രാജ്യമാകെ ചര്‍ച്ചയായ ജസ്റ്റിസ് ലോയയുടെ മരണത്തെക്കുറിച്ച് പുനഃരന്വേഷണത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറാണെന്ന് എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍. ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായടക്കമുള്ളവര്‍ പ്രതിയായിരുന്ന സൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കുന്ന സി ബി ഐ കോടതി ജഡ്ജിയായിരിക്കെ 2014 ഡിസംബര്‍ 1നാണ് ബി എച്ച് ലോയ മരണപ്പെടുന്നത്. ലോയയയുടെ മരണം സംബന്ധിച്ചുള്ള ദുരൂഹത നീക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യമുന്നയിച്ചിരുന്നു.

കോണ്‍ഗ്രസും എന്‍ സി പിയും രാജ്യമാകെ വിഷയം വലിയ ചര്‍ച്ചയാക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇരുപാര്‍ട്ടികള്‍ക്കും നിര്‍ണായക സ്വാധീനമുള്ള സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ അധികാരത്തിലേറിയതോടെ ലോയ കേസ് പുനഃരന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇതിനിടയിലാണ് ത്രികക്ഷി സര്‍ക്കാരിന്‍റെ നിലപാട് വ്യക്തമാക്കി ശരദ് പവാര്‍ തന്നെ രംഗത്തെത്തിയത്. 
ലോയയുടെ മരണത്തില്‍ പുനഃരന്വേഷണം വേണമെന്ന ആവശ്യം ശക്തമായാല്‍ തീര്‍ച്ചയായും നടപടിയുണ്ടാകുമെന്നാണ് പവാര്‍ പറഞ്ഞത്. പ്രമുഖ മറാത്തി വാര്‍ത്താ ചാനലിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. 

'ലോയയുടെ മരണം സംബന്ധിച്ചുള്ള ദുരൂഹത മാറ്റാനുള്ള അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്, ആവശ്യം ശക്തമായാല്‍ തീര്‍ച്ചയായും സര്‍ക്കാര്‍ അതിനുവേണ്ട നടപടികള്‍ സ്വീകരിക്കും, വിവിധ മാധ്യമങ്ങളിലൂടെ വിഷയം വീണ്ടും ഉയര്‍ന്നുവരുന്നുണ്ട്, ഇത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്, ലോയയുടെ മരണം സംബന്ധിച്ച ദുരൂഹത മാറാന്‍ ആഴത്തിലുള്ള അന്വേഷണം വേണമെന്ന് മഹാരാഷ്ട്ര ജനത  ആഗ്രഹിക്കുന്നുണ്ടെന്നാണ് മാധ്യമങ്ങളിലൂടെ മനസ്സിലാകുന്നത്, പക്ഷെ എന്താണ് സത്യം എന്ന് പരിശോധിക്കണം, ‌ആരോപണങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടെങ്കില്‍ കേസില്‍ വീണ്ടും അന്വേഷണം നടത്താം, ഇല്ലെങ്കില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും ശരിയല്ല' ഇങ്ങനെയായിരുന്നു പവാര്‍ വിഷയത്തില്‍ പ്രതികരിച്ചത്.

2014 ലെ ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമായത് 2017ലാണ്. സൊറാബുദ്ദീന്‍ കേസുമായി ബന്ധപ്പെട്ട് ലോയയെ സ്വാധീനിക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നെന്നും മരണത്തില്‍ സംശങ്ങളുണ്ടെന്നും വ്യക്തമാക്കി കുടുംബാംഗങ്ങള്‍ തന്നെ രംഗത്തെത്തിയതോടെയാണ് വിഷയം ചര്‍ച്ചയായത്. കേസ് പുനഃരന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ഗാന്ധിയടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലോയയുടെ മരണത്തില്‍ പുനഃരന്വേഷണം ആവശ്യപ്പെട്ട് ബോംബെ ലോയേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി 2018 ജൂലൈയില്‍ സുപ്രീം കോടതി തള്ളിയിരുന്നു. എന്തായാലും വീണ്ടും ആവശ്യം ശക്തമാകുന്ന സാഹചര്യത്തില്‍ എന്‍ സി പി അധ്യക്ഷന്‍റെ നിലപാട് നിര്‍ണായകമാകും. പ്രത്യേകിച്ചും കോണ്‍ഗ്രസിന് കൂടി നിര്‍ണായക സ്വാധീനമുള്ള സര്‍ക്കാരില്‍ നിന്ന് പുനഃരന്വേഷണം പ്രതീക്ഷിക്കുന്നവര്‍ കുറവല്ല.