മുംബൈ: നടി കങ്കണ റണൗട്ടിന്റെ അനധികൃത കെട്ടിടം പൊളിച്ചതുമായി ബന്ധപ്പെട്ട വിവാദം സര്‍ക്കാറിനും മുന്നണിക്കും തിരിച്ചടിയാകുമോ എന്ന ആശങ്കയില്‍ സര്‍ക്കാര്‍. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായും മറ്റൊരു ശിവസേന നേതാവ് സഞ്ജയ് റാവത്തുമായും എന്‍സിപി നേതാവ് ശരദ് പവാര്‍ ചര്‍ച്ച നടത്തുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കങ്കണയുടെ കെട്ടിടം പൊളിച്ച സംഭവത്തിനെതിരെ ശരദ് പവാര്‍ രംഗത്തെത്തിയിരുന്നു. കെട്ടിടം പൊളിച്ച ബൃഹദ് മുംബൈ കോര്‍പ്പറേഷന്റെ നടപടി അനാവശ്യമാണെന്നും ശരദ് പവാര്‍ തുറന്നടിച്ചു. ശിവസേനയാണ് ബിഎംസി ഭരിക്കുന്നത്. മുംബൈ പാക് അധീന കശ്മീര്‍ പോലെയാണെന്ന് കങ്കണ പറഞ്ഞതോടെയാണ് വിവാദം തുടങ്ങുന്നത്. പിന്നീട് കങ്കണക്കെതിരെ ശിവസേന നേതാക്കള്‍ രംഗത്തെത്തി. 

മുംബൈയില്‍ ഇത്തരത്തിലുള്ള അനധികൃതമായ നിരവധി കെട്ടിടങ്ങളുണ്ട്. അവയ്‌ക്കെതിരെ നടപടിയെടുക്കാതെ കങ്കണയ്‌ക്കെതിരെ നടപടിയെടുക്കുന്നത് തെറ്റായ പ്രതിച്ഛായയ്ക്ക് കാരണമാകുമെന്നായിരുന്നു ശരദ് പവാറിന്റെ പ്രതികരണം. സുശാന്ത് സിംഗിന്റെ മരണത്തിലെ അന്വേഷണത്തിന് പിന്നാലെ മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ കങ്കണയ്‌ക്കെതിരെയുള്ള നടപടി പ്രതികാര സ്വഭാവമുള്ളതാണെന്നും ശരദ് പവാര്‍ കുറ്റപ്പെടുത്തിയിരുന്നു. 

അതേസമയം കങ്കണയുടെ മുംബൈയിലെ ഓഫീസിനോട് ചേര്‍ന്നുള്ള അനധികൃത നിര്‍മ്മാണങ്ങള്‍പൊളിക്കുന്നനടപടി ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്തു. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍മുംബൈ കോര്‍പ്പറേഷനോട് ആവശ്യപ്പെട്ട കോടതി കേസ് നാളെ വീണ്ടും പരിഗണിക്കും.