ആയുർവേദത്തിന്‍റെ അറിവ് കെനിയയുമായി പങ്കിടണമെന്ന് ഒഡിംഗാ ആവശ്യപ്പെട്ടു. അതിന് ആവശ്യമായ ചെടികൾ അവിടെ ലഭ്യമാക്കാനും വളർത്താനും എന്ത് ചെയ്യാനാകുമെന്നും അദ്ദേഹം ചോദിച്ചു.
ദില്ലി: കേരളത്തിന്‍റെ ആയുർവേദ പരിഞ്ജാനം കെനിയയുമായി പങ്കിടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ട് കെനിയൻ മുൻ പ്രധാനമന്ത്രി റയില ഒഡിംഗ ( Raila Odinga). മൻ കി ബാത്ത് (Mann Ki Baat) പരിപാടിക്കിടെയാണ് കെനിയൻ മുൻ പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ നരേന്ദ്രമോദി പങ്ക് വെച്ചത്. എറണാകുളത്തെത്തി നടത്തിയ ആയുർവേദ ചികിത്സയിലാണ് റയില ഒഡിംഗയുടെ മകൾ റോസ്മേരിയുടെ കാഴ്ച ശക്തി തിരികെ കിട്ടിയത്.
ആയുർവേദത്തിന്‍റെ അറിവ് കെനിയയുമായി പങ്കിടണമെന്ന് ഒഡിംഗാ ആവശ്യപ്പെട്ടു. അതിന് ആവശ്യമായ ചെടികൾ അവിടെ ലഭ്യമാക്കാനും വളർത്താനും എന്ത് ചെയ്യാനാകുമെന്നും അദ്ദേഹം ചോദിച്ചു. ഈ മാസം ഏഴാം തിയതി മകളുടെ തുടർ ചികിത്സക്ക് വേണ്ടി എറണാകുളത്തെത്തിയ കെനിയയുടെ മുൻ പ്രധാനമന്ത്രി റയില ഒഡിംഗ ദില്ലിയിലെത്തി നരേന്ദ്ര മോദിയെയും കണ്ടിരുന്നു. ഒരു അച്ഛന്‍റെ വികാരവായ്പ്പോടെയായിരുന്നു റയില ഒഡിംഗ കാര്യങ്ങൾ വിവരിച്ചതെന്ന് മോദി.
ബ്രെയിൻ ട്യൂമർ ബാധിച്ച മകൾ റോസ്മേരിക്ക് അർബുദം ഭേദമായെങ്കിലും ചികിത്സയിൽ കാഴ്ച ശക്തി നഷ്ടമായി. ലോകം മുഴുവൻ പല ഇടങ്ങളിലും കൊണ്ട് പോയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ 2019ൽ എറണാകുളം കൂത്താട്ടുകുളത്തെ ശ്രീധരീയം ആയുർവേദ ആശുപത്രിയിലെ ചികിത്സയിലാണ് രോഗം ഭേദമായത്. മകൾക്ക് പഴയ പോലെ ജോലിക്ക് പോകാനായതും, കാർ ഡ്രൈവ് ചെയ്യാൻ കഴിയുന്നതുമെല്ലാം വലിയ സന്തോഷത്തോടെ റയില ഒഡിംഗ മോദിയുമായി പങ്ക് വെച്ചു. ആയുർവേദ ചികിത്സയിൽ വലിയ മതിപ്പ് തോന്നിയ അദ്ദേഹം ആയുർ ചികിത്സ സംവിധാനം കെനിയയിലും ലഭിക്കാൻ മുൻകൈയെടുക്കണമെന്ന് മോദിയോട് ആവശ്യപ്പെട്ടു. തന്‍റെ ഭാഗത്ത് നിന്നുള്ള എല്ലാ പിന്തുണയും മോദി റയില ഒഡിംഗയ്ക്ക് ഉറപ്പ് നൽകി.
തുടർചികിത്സയ്ക്കും രോഗഭേദമായതിന്‍റെ സന്തോഷം പങ്ക് വയ്ക്കാനുമാണ് 44 വയസ്സുകാരിയായ റോസ്മേരി കുടുംബസമേതം എറണാകുളത്തെത്തിയത്. കെനിയയിലെ പ്രധാന രാഷ്ട്രീയ നേതാവായ റയില ഒഡിംഗ 2008 മുതൽ 2013 വരെ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായിരുന്നു.
കെനിയൻ മുൻ പ്രധാനമന്ത്രിയും കുടുംബവും മകളുടെ നേത്ര ചികിത്സയ്ക്കായി കൊച്ചിയിൽ
കൊച്ചി: കെനിയൻ മുൻ പ്രധാനമന്ത്രി റയില ഒഡിങ്കയും (Raila Odinga) കുടുംബവും മകളുടെ നേത്ര ചികിത്സയ്ക്കായി കൊച്ചിയിലെത്തി. തിങ്കളാഴ്ചയാണ് അദ്ദേഹവും കുടുംബവും കൊച്ചിയിലെ കൂത്താട്ടുകുളത്തെ ശ്രീധരീയം നേത്ര ചികിത്സാകേന്ദ്രത്തിലെത്തിയത്. റയിലയുടെ നാല് മക്കളിൽ ഒരാളായ റോസ് മേരി ഒഡിങ്കയുടെ ചികിത്സയ്ക്കായാണ് ഇവർ കേരളത്തിലെത്തിയത്. നെടുമ്പാശ്ശേരിയിലെത്തിയ അദ്ദേഹവും കുടുംബവും അവിടെ നിന്ന് ഹെലികോപ്റ്ററിൽ കൂത്താട്ടുകുളത്തെ ഹൈസ്കൂൾ ഗ്രൌണ്ടിലിറങ്ങി.
രോഗം ബാധിച്ച് 2017 ൽ റോസ്മേരിക്ക് കാഴ്ച നഷ്ടപ്പെട്ടിരുന്നു. പിന്നീട് ചൈനയിലടക്കം പലയിടത്തും ചികിത്സ നൽകിയെങ്കിലും ഭേദമാകാതെ വന്നപ്പോഴാണ് 2019ൽ കൊച്ചിയിലെ ശ്രീധരീയത്തിലെത്തി ആയുർവ്വേദ ചികിത്സ നൽകിയത്. തുടർന്ന് കാഴ്ച തിരിച്ച് കിട്ടുകയും ചെയ്തു. ഇതിന്റെ തുടർ ചികിത്സയ്ക്കാണ് ഇപ്പോൾ വീണ്ടും എത്തിയിരിക്കുന്നത്.
റയില ഒഡിങ്കയും കുടുംബവും ഏതാനും ദിവസങ്ങൾ കൊച്ചിയിലുണ്ടാകും. ശ്രീധരീയത്തിലെ ചികിത്സയിൽ തന്റെ മകൾ റോസ് മേരിക്ക് കാഴ്ച തിരിച്ച് കിട്ടിയത് കെനിയയിലെ മാധ്യമങ്ങളി വാർത്തയായിരുന്നു. പിന്നീട് ഒരു ടെലിവിഷൻ അഭിമുഖത്തിൽ റയില ഇക്കാര്യം വിശദീകരിച്ചിരുന്നു.
