പാനമയിലെ വിവാദ പ്രസ്താവനയുടെ പേരിൽ കോൺഗ്രസ് നേതാക്കളും ശശി തരൂരുമായുള്ള തർക്കം മുറുകുന്നു
ദില്ലി: പാനമയിലെ തന്റെ പ്രസ്താവനയെ പരിഹസിച്ച കോൺഗ്രസ് നേതാക്കൾക്ക് മറുപടിയുമായി പാർട്ടി പ്രവർത്തക സമിതി അംഗവും എംപിയുമായ ശശി തരൂർ. അടുത്തകാലത്തെ ഭീകരാക്രമണങ്ങൾക്ക് നല്കിയ തിരിച്ചടികളെക്കുറിച്ചാണ് സംസാരിച്ചതെന്നും, നേരത്തെ നടന്ന യുദ്ധങ്ങളെ കുറിച്ചല്ലെന്നും തരൂർ വ്യക്തമാക്കി. വിമർശനങ്ങളും ട്രോളുകളും തുടരാമെന്നും, തനിക്ക് കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യാനുണ്ടെന്നും കുറിച്ച തരൂർ പാർട്ടിയിലെ ചിലരുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന സൂചനയാണ് നല്കുന്നത്. അതേസമയം ഇത് വിവാദമാക്കാൻ ഇല്ലെന്ന പ്രതികരണമാണ് കെ.സി. വേണുഗോപാൽ നൽകുന്നത്.
ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള പാനമയിലെ തന്റെ പ്രസ്താവനകളെ പരിഹസിച്ച നേതാക്കളെ ആവേശക്കാരെന്ന് പരിഹസിച്ചുകൊണ്ടാണ് തരൂരിന്റെ മറുപടി. താൻ സംസാരിച്ചത് മുൻ യുദ്ധങ്ങളെ കുറിച്ചല്ല. ഈയടുത്ത കാലത്ത് നടന്ന ഭീകരർക്കെതിരായ നടപടികളെ കുറിച്ചാണ്. നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും നേരത്തെയുള്ള നടപടികൾ നിയന്ത്രിതമായിരുന്നു. തന്റെ വാക്കുകൾ വളച്ചൊടിക്കാനുള്ള വിമർശനങ്ങളും ട്രോളുകളും തുടരാം. തനിക്ക് കൂടുതൽ നല്ലകാര്യങ്ങൾ ചെയ്യാനുണ്ടെന്നും തരൂർ എക്സിൽ കുറിച്ചു. തന്നെ പരിഹസിച്ച് ചില കോൺഗ്രസ് നേതാക്കൾ നടത്തിയ പ്രസ്താവനയ്ക്ക് പാർട്ടി നേതൃത്വം പിന്തുണ നൽകിയതിൽ ശശി തരൂരിന് കടുത്ത അതൃപ്തിയുണ്ട്.
ഗൗരവ് ഗൊഗോയി ഒഴിയുന്ന ലോക്സഭ ഉപനേതാവ് പദവി നൽകാതിരിക്കാനാണ് വിവാദം ഉണ്ടാക്കുന്നതെന്ന് തരൂരുമായി അടുത്ത വൃത്തങ്ങൾ കരുതുന്നു. ജയറാം രമേശ് അടക്കമുള്ളവർ തരൂരിനെതിരായ പ്രസ്താവന ഏറ്റെടുത്തിരുന്നു. തരൂർ പറയുന്നത് പാർട്ടി നയമല്ലെന്ന് സ്ഥാപിക്കാൻ പാർട്ടി തന്നെ മുന്നിട്ടിറങ്ങുന്നതോടെ തർക്കം മുറുകുകയാണ്. തരൂരിന് വിശദീകരണം ചോദിച്ചുള്ള നോട്ടീസ് നൽകണം എന്ന് നേതൃത്വത്തിൽ ഒരു വിഭാഗം വാദിക്കുന്നു. തരൂർ പറയുന്നത് കള്ളമാണെന്നും, കോൺഗ്രസിനെതിരായ ഗൂഢാലോചനയാണിതെന്നും ഉദിത് രാജ് ഇന്നും വിമർശനം കടുപ്പിച്ചു. മൻമോഹൻ സിംഗിന്റെ കാലത്ത് നടത്തിയ സർജിക്കൽ സ്ട്രൈക്ക് അടക്കമുള്ള നടപടികളെ തരൂർ അപമാനിച്ചു, മോദിയെ പുകഴ്ത്തുന്നത് തുടർന്നോളൂ. പക്ഷേ തെറ്റുപറ്റിയെന്ന് തരൂർ സമ്മതിക്കണമെന്നും ഉദിത് രാജ് പറഞ്ഞു.
അതേസമയം തരൂരിന്റെ പ്രസ്താവനയെചൊല്ലി നേതാക്കൾക്കിടയിൽ ഭിന്നതയില്ലെന്നു പറഞ്ഞ കെ സി വേണുഗോപാൽ, കോൺഗ്രസ് അഭിപ്രായ സ്വാതന്ത്ര്യമുള്ള പാർട്ടിയാണെന്നും പറഞ്ഞു. കോൺഗ്രസ് നേതാക്കൾക്കെതിരെ വിമർശനവുമായി ഇതിനിടയിൽ കേന്ദ്രമന്ത്രി കിരൺ റിജിജുവും രംഗത്ത് വന്നു. ശശി തരൂർ വിദേശത്ത് പോയി രാജ്യത്തിനെതിരെ സംസാരിക്കണമെന്നാണോ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം ചോദിച്ചു. സർവകക്ഷി പ്രതിനിധി സംഘത്തിനെതിരായി കോൺഗ്രസ് നേതാക്കൾ സംസാരിക്കുന്നത് പാക്കിസ്ഥാന്റെ സൂപ്പർ വക്താക്കളായിട്ടാണെന്നും ബിജെപി നേതാക്കൾ വിമർശിക്കുന്നു. ഇനി കൊളംബിയ, ബ്രസീൽ, യുഎസ് എന്നീ രാജ്യങ്ങൾ സന്ദർശിച്ച് ശശി തരൂർ തിരിച്ചെത്തുമ്പോഴേക്കും പാർട്ടിയുമായുള്ള ബന്ധം കൂടുതൽ ഉലയാനുള്ള സാധ്യതയാണ് തെളിയുന്നത്.


