ദില്ലി: ​ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ 'നിസ്സഹായനായ മുഖ്യമന്ത്രി'യെന്ന് പരിഹസിച്ച് ശശി തരൂർ എംപി. പൗരത്വ നിയമ ഭേദ​ഗതി വിഷയത്തിൾ ശക്തമായ നിലപാട് സ്വീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെന്നും ശശി തരൂർ ആരോപിച്ചു. പൗരത്വ നിയമ ഭേദ​ഗതിയെ അനുകൂലിക്കുന്നവരുടെയും പ്രതികൂലിക്കുന്നവരുെടയും പിന്തുണ ആ​ഗ്രഹിക്കുന്നത് കൊണ്ടാകാം ഇത്തരം നിലപാട് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറ‍ഞ്ഞു. ‍ജെഎൻയുവിൽ അക്രമം നേരിട്ട വിദ്യാർത്ഥികളെ സന്ദർശിക്കാൻ അദ്ദേഹം തയ്യാറായില്ലെന്നും കെജ്രിവാൾ 'നിസ്സഹായനായ മുഖ്യമന്ത്രി'യാണെന്നും ശശി തരൂർ വിമർശിച്ചു. 

''പൗരത്വ നിയമ ഭേദ​ഗതി അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തനിക്കൊപ്പം ഉണ്ടായിരിക്കണമെന്നാകാം കെജ്രിവാൾ ആ​ഗ്രഹിക്കുന്നത്. അതുകൊണ്ടാകാം ഈ വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിക്കാൻ അദ്ദേഹം മടി കാണിക്കുന്നത്. ഇത്തരം വിഷയങ്ങളെക്കുറിച്ച് സംസാരിക്കാതിരുന്നാൽ, എന്തിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങൾ ഇദ്ദേഹത്തിന് വോട്ട് നൽകേണ്ടത്?'' ശശി തരൂർ ചോദിക്കുന്നു. 

‍മുഖം മറച്ചെത്തിയ ​ഒരു കൂട്ടം അക്രമികൾ ജെഎൻയു ക്യാമ്പസിൽ കടന്നുകയറി അക്രമം അഴിച്ചു വിടുകയായിരുന്നു. സംഭവത്തിൽ അധ്യാപകരും വിദ്യാർത്ഥികളുമടക്കം മുപ്പതോളം പേർക്ക് പരിക്കേറ്റിരുന്നു. ക്യാമ്പസിൽ അക്രമം നടത്തിയെന്ന് പൊലീസ് കണ്ടെത്തിയ ഒൻപത് പേരിൽ ഐഷി ഘോഷിന്റെ പേരും ഉൾപ്പെട്ടിരുന്നു. എന്നാൽ വിഷയത്തിൽ ഇടപെടരുതെന്ന് കേന്ദ്രത്തിൽ നിന്നുള്ള നിർ​ദ്ദേശം അനുസരിക്കുകയാണ് പൊലീസ് ചെയ്തതെന്നാണ് കെജ്രിവാളിന്റെ വിശദീകരണം. 

ടടആരുടെ ഉത്തരവാണ് കെജ്രിവാളിന് ലഭിച്ചതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. നിങ്ങളുടെ വിദ്യാർത്ഥികൾക്ക് നേർക്ക് നടന്ന അക്രമത്തെക്കുറിച്ച് സംസാരിക്കരുതെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്? പരിക്കേറ്റ വിദ്യാർത്ഥികളെ കാണരുതെന്നും സിഎഎ വിഷയത്തിൽ നിലപാട് സ്വീകരിക്കരുതെന്നും ആരാണ് പറഞ്ഞത്? നിങ്ങളാണ് മുഖ്യമന്ത്രി. നിങ്ങളോട് ആജ്ഞാപിക്കാൻ മറ്റാരുമില്ല.ടട ശശി തരൂർ രൂക്ഷഭാഷയിൽ പ്രതികരിക്കുന്നു. ദില്ലി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിനെ നിസ്സഹായ എന്ന് ട്വീറ്റിൽ കെജ്രിവാൾ വിശേഷിപ്പിച്ചിരുന്നു. അതേ ട്വീറ്റ് കെജ്രിവാൾ ഒന്നുകൂടി വായിക്കണമെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.