ദില്ലി: ദില്ലിയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ ഖലിസ്ഥാന്‍ തീവ്രവാദികളുണ്ടെന്ന സര്‍ക്കാര്‍ ആരോപണം മര്യാദകേടെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഏഷ്യാനെറ്റ് ന്യൂസിനോട് ശശി തരൂര്‍ ഇക്കാര്യം പറഞ്ഞത്. സര്‍ക്കാരിനെ എതിര്‍ക്കുന്നവരെ രാജ്യവിരുദ്ധര്‍ എന്ന് വിളിക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കണം. 
പ്രതിഷേധിക്കുന്നവരെ രാജ്യ വിരുദ്ധര്‍ എന്ന് വിളിക്കുന്നത്  രാജ്യത്തിന് അപമാനമാണ്. ഗാല്‍വാന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികന്റെ മുത്തശ്ശി വരെ കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. 

തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിക്കുക മാത്രമല്ല ജനാധിപത്യം. ജനങ്ങളുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടതെന്നും തരൂര്‍ പറഞ്ഞു. ഞായറാഴ്ച ശശി തരൂര്‍ കര്‍ഷകര്‍ക്കൊപ്പം സമരത്തില്‍ പങ്കെടുത്തിരുന്നു. ജന്തര്‍മന്ദറിലാണ് തരൂര്‍ സമരക്കാര്‍ക്കൊപ്പം ചേര്‍ന്നത്.