ബ്രിട്ടൻസ് ഗോട്ട് ടാലൻ്റിലൂടെ ലോകശ്രദ്ധ നേടിയ സൗപർണിക നായരെ വർഷങ്ങൾക്ക് ശേഷം കണ്ടതിൻ്റെ സന്തോഷം ശശി തരൂർ പങ്കുവെച്ചു.

തിരുവനന്തപുരം: ബ്രിട്ടൻസ് ഗോട്ട് ടാലൻ്റിലൂടെ ലോക ശ്രദ്ധ നേടിയ മലയാളി ബാലിക സൗപർണിക നായരെ വർഷങ്ങൾക്ക് ശേഷം നേരിൽ കണ്ടതിൻ്റെ സന്തോഷം പങ്കുവെച്ച് കോൺഗ്രസ് എം.പി. ശശി തരൂർ. മാധ്യമപ്രവർത്തക ബർഖ ദത്തിന്റെ 'വി ദി വുമൺ' (We The Women) എന്ന ഷോയിൽ വെച്ചായിരുന്നു തരൂർ സൗപർണികയെ കണ്ടത്. 15 വയസ്സുകാരിയായ സൗപർണിക തരൂരിനായി ഷോയിൽ ഗാനം ആലപിക്കുകയും ചെയ്തു.

2020-ൽ പത്ത് വയസ്സുകാരിയായ സൗപർണികയുടെ ബ്രിട്ടൻസ് ഗോട്ട് ടാലന്റിലെ പ്രകടനം കണ്ട് വിസ്മയിച്ച് തരൂർ അന്ന് ഒരു ട്വീറ്റ് ചെയ്തിരുന്നു. "ബ്രിട്ടൻസ് ഗോട്ട് ടാലൻ്റിൽ ഒരു പത്ത് വയസ്സുകാരി ഇന്ത്യൻ പെൺകുട്ടി സെമി ഫൈനലിസ്റ്റാണ്, വോട്ട് ചെയ്യണം' എന്നുമായിരുന്നു സൗപർണികയുടെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച് തരൂർ അന്ന് കുറിച്ചത്.

അഞ്ച് വർഷങ്ങൾക്ക് ശേഷം, സൗപർണികയെ നേരിൽ കണ്ടതിന്റേയും ഗാനം കേൾക്കാൻ കഴിഞ്ഞതിന്റെയും സന്തോഷം തരൂർ പങ്കുവെച്ചു. 'ഐ ഡോണ്ട് വാണ്ട് ടു ടോക്ക് എബൗട്ട് തിംഗ്‌സ് വി ഹാവ് ഗോൺ ത്രൂ' എന്ന ഗാനമായിരുന്നു സൗപർണിക തരൂരിനായി ആലപിച്ചത്. പ്രകടനം തരൂർ ആസ്വദിച്ചു.

Scroll to load tweet…

"അഞ്ച് വർഷം മുമ്പ് ബ്രിട്ടൻസ് ഗോട്ട് ടാലൻ്റിൽ 10 വയസ്സുകാരി സൗപർണിക നായരുടെ സംഗീതം എന്നെ ഏറെ ആകര്‍ഷിച്ചിരുന്നു. ഞായറാഴ്ച വി ദി വുമൺ പരിപാടിയിൽ ഇപ്പോൾ 15 വയസ്സുകാരിയായ സൗപർണിക തൻ്റെ മുന്നിൽ പാടുന്നത് കേട്ടു, വലിയ സന്തോഷം. എന്തൊരു ശബ്ദം, എന്തൊരു അതിശയകരമായ കഴിവ് - അവൾ തിരുവനന്തപുരത്തുകാരിയാണെന്ന് എടുത്തുപറയേണ്ടതാണ്" എന്നും സൗപർണികയുടെ പ്രകടനത്തിൻ്റെ വീഡിയോ സഹിതം തരൂർ ട്വീറ്റ് ചെയ്തു. 2020-ൽ പ്രശസ്ത സംഗീതജ്ഞൻ എആർ റഹ്മാനും സൗപർണികയുടെ ബ്രിട്ടൻസ് ഗോട്ട് ടാലൻ്റിലെ വീഡിയോ പങ്കുവെച്ച് "രാവിലെ ഇത് കേട്ടാണ് ഉണർന്നത്, മനോഹരം" എന്ന് കുറിച്ചിരുന്നു.