ഗൗരവ് ഗൊഗോയി, രവ്‌നീത് സിങ് ബിട്ടു, ഉത്തംകുമാര്‍ റെഡ്ഡി എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്. അതേസമയം, ലോക്‌സഭ നേതാവായി രാഹുല്‍ ഗാന്ധി വന്നേക്കില്ല. 

ദില്ലി: ലോക്‌സഭയില്‍ നേതൃമാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയെ സ്ഥാനത്തുനിന്ന് മാറ്റും. തിരുവനന്തപുരം എംപി ശശി തരൂരിനോ അല്ലെങ്കില്‍ മനീഷ് തിവാരിക്കോ നറുക്ക് വീണേക്കുമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗൗരവ് ഗൊഗോയി, രവ്‌നീത് സിങ് ബിട്ടു, ഉത്തംകുമാര്‍ റെഡ്ഡി എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്. അതേസമയം, ലോക്‌സഭ നേതാവായി രാഹുല്‍ ഗാന്ധി വന്നേക്കില്ല. 

നിലവില്‍ ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവായ അധിര്‍ രഞ്ജന്‍ ചൗധരി ബംഗാള്‍ പിസിസി അധ്യക്ഷനും കൂടെയാണ്. ഒരാള്‍ക്ക് ഒരു പദവി എന്ന നിലയിലാണ് ചൗധരിയെ മാറ്റുന്നതെന്ന് പറയുമ്പോഴും അദ്ദേഹത്തിന്റെ പ്രകടനത്തില്‍ കോണ്‍ഗ്രസ് ദേശീയനേതൃത്വം തൃപ്തരല്ല. കൂടാതെ ബംഗാളിലും പാര്‍ട്ടിയുടെ പ്രകടനം ദയനീയമായിരുന്നു. ഈ മാസം 19നാണ് പാര്‍ലമെന്റ് മഴക്കാല സമ്മേളനം തുടങ്ങുന്നത്. തിവാരിയും തരൂരും ജി 23 നേതാക്കളില്‍ ഉള്‍പ്പെട്ടവരാണെന്നതും ശ്രദ്ധേയം.

മഴക്കാല സമ്മേളനത്തില്‍ റഫാല്‍ കരാറടക്കം സര്‍ക്കാറിനെതിരെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ തീരുമാനം. റഫാല്‍ കരാര്‍ ഫ്രഞ്ച് സര്‍ക്കാര്‍ അന്വേഷിക്കുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റ് ജോയിന്റ് കമ്മിറ്റി അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടും. കൊവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്തതില്‍ കേന്ദ്ര സര്‍ക്കാറിന് വീഴ്ച വന്നെന്നും കോണ്‍ഗ്രസ് ആരോപിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona