ഹിന്ദുക്കളിൽ ബഹു ഭൂരിപക്ഷവും ഇത്തരം ആളുകളെ തള്ളിക്കളയുക മാത്രമല്ല അവരൊന്നും തങ്ങളിൽ പെട്ടവരല്ല എന്ന നിലപാടുള്ളവരാണ് തരൂർ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു
ദില്ലി: ഒരു പുരോഹിതൻ മുസ്ലീം സ്ത്രീകൾക്ക് നേരെ ബലാത്സംഗ ഭീഷണി മുഴക്കുന്ന മറ്റൊരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ, ഈ തെമ്മാടികൾ ഹിന്ദുമതത്തെ പ്രതിനിധീകരിക്കുന്നില്ലെന്ന് അഭിപ്രായവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എംപി രംഗത്ത് .
ഹിന്ദുക്കളിൽ ബഹു ഭൂരിപക്ഷവും ഇത്തരം ആളുകളെ തള്ളിക്കളയുക മാത്രമല്ല അവരൊന്നും തങ്ങളിൽ പെട്ടവരല്ല എന്ന നിലപാടുള്ളവരാണ് തരൂർ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു, ഇത്തരക്കാർ ഹിന്ദുക്കൾക്ക് വേണ്ടിയല്ല ഒരിടത്തും സംസാരിക്കുന്നത്; അവരുടെ സ്വന്തം താത്പര്യത്തിന് വേണ്ടി മാത്രമാണ് തരൂര്‍ പറയുന്നു.
മുസ്‌ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുമെന്ന് ഭീഷണി പ്രസംഗം നടത്തിയ ഹിന്ദുത്വ പുരോഹിതനെതിരെ ട്വിറ്ററില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. ഇത്തരത്തില്‍ പങ്കുവച്ച ഒരു വീഡിയോ ഷെയര്‍ ചെയ്താണ് തരൂരിന്‍റെ വാക്കുകള്‍.
കഴിഞ്ഞ ദിവസമാണ് വിവാദ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സീതാപൂര്‍ ജില്ലയിലെ പള്ളിക്ക് പുറത്ത് ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മുസ്‌ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുമെന്ന് പുരോഹിതന്‍ പറയുന്ന വീഡിയോയാണ് വൈറലായത്.
ഏപ്രില്‍ 2നാണ് വീഡിയോ ചിത്രീകരിച്ചതെന്നും എന്നാല്‍ സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടിയൊന്നും എടുത്തിട്ടില്ലെന്നും ഫാക്ട് ചെക്ക് വെബ്‌സൈറ്റ് ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ വീഡിയോ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.
പുരോഹിതന്‍ ബജ്‌റംഗ് മുനി ആണെന്ന് പലരും അഭിപ്രായപ്പെട്ടു. അതിന് പിന്നാലെയാണ് ഇയാള്‍ മുന്‍പും ഇത്തരത്തില്‍ പ്രസംഗം നടത്തിയെന്ന് പറയുന്ന വീഡിയോ വൈറലായി. ഇതാണ് തരൂര്‍ പങ്കുവച്ചത്. ഇതിന് പിന്നാലെ ട്വിറ്ററില്‍ #ArrestBajrangMuni എന്ന ഹാഷ് ടാഗും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.
