തിരുവനന്തപുരം: ട്വീറ്റിനിടെ അബദ്ധം പിണഞ്ഞ് ശശി തരൂര്‍ എംപി. 'ഹൗഡി മോദി' പരിപാടിക്കിടെ 1954-ല്‍ നെഹ്‍റുവിനും ഇന്ദിരക്കും അമേരിക്കയില്‍ ലഭിച്ച സ്വീകരണം എന്ന് കുറിച്ചുകൊണ്ട് തരൂര്‍ ട്വിറ്ററില്‍ പങ്കുവെച്ച ചിത്രത്തിനൊപ്പമുള്ള കുറിപ്പില്‍  ഇന്ദിരാ ഗാന്ധിക്ക് പകരം കുറിച്ചത് ഇന്ത്യ ഗാന്ധിയെന്ന്. മാത്രമല്ല സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ചപ്പോഴുള്ള ചിത്രമാണ് തരൂര്‍ അമേരിക്കയിലാണെന്ന് കുറിച്ചുകൊണ്ട് പങ്കുവെച്ചത്. ട്വീറ്റ് 'വിന'യായതോടെ തരൂരിനെ കണക്കിന് പരിസഹിക്കുകയാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍.

തരൂരിന് പറ്റിയ അബദ്ധം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടിയതോടെ കൂടുതല്‍ വിശദീകരണങ്ങളുമായി അദ്ദേഹം ചിത്രം വീണ്ടും പങ്കുവെച്ചു. വിശദീകരണം നല്‍കി പിന്നീട് പങ്കുവെച്ച ചിത്രത്തിനൊപ്പമുള്ള കുറിപ്പില്‍  ചിത്രം അമേരിക്കയില്‍ അല്ല സോവിയറ്റ് യൂണിയനിലാണെന്ന് തരൂര്‍ വ്യക്തമാക്കി. എങ്കിലും അര്‍ത്ഥം മാറുന്നില്ലെന്നും മുന്‍ പ്രധാനമന്ത്രിമാര്‍ക്ക് വിദദേശരാജ്യങ്ങളില്‍ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്നും തൂര്‍ പറഞ്ഞു. 'മോദി ആദരിക്കപ്പെടുമ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് ആദരിക്കപ്പെടുന്നത്. അതിലൂടെ രാജ്യത്തിനാണ് ആദരം ലഭിക്കുന്നത്'-  തരൂര്‍ കുറിച്ചു.