ബിഹാര്‍: തൂക്ക് നിയമസഭയെങ്കിൽ ബിഹാറിൽ നിതീഷ് കുമാറിനെ ഒപ്പം കൂട്ടാതെ പ്രതിപക്ഷത്തിരിക്കാനാണ് ധാരണയെന്ന് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശത്രുഘ്നൻ സിൻ‌ഹ. ഇത്തവണ ബിഹാർ കാണാൻ പോകുന്നത് തലമുറ മാറ്റമെന്നും ശത്രുഘ്നൻ സിൻ‌ഹ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസനീയത നഷ്ടമായെന്നും ശത്രുഘ്നൻ സിൻ‌ഹ ആരോപിച്ചു.

ബിജെപി വിട്ട് കോൺഗ്രസിലെത്തിയ ശത്രുഘ്നൻ സിൻ‌ഹ ഇത്തവണ മകൻ ലവ് സിൻഹയുടെ പ്രചാരണത്തിന് പിന്തുണയുമായിട്ടാണ് ബിഹാറിൽ എത്തിയിരിക്കുന്നത്. ബിഹാറി ബാബു ബീഹാറി പുത്രനെ രംഗത്തിറക്കിയെന്ന് ശത്രുഘ്നൻ സിൻ‌ഹ പറഞ്ഞു. തേജസ്വിയിയുടെ നേതൃത്വത്തിൽ  മഹാസഖ്യം സർക്കാ‌ർ രൂപീകരിക്കും. ഇനി ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും നിതീഷ് കുമാറുമായി കൈകോർക്കുകയെന്ന അബദ്ധം ആവർത്തിക്കില്ലെന്നും ശത്രുഘ്നൻ സിൻ‌ഹ വ്യക്തമാക്കി.

നരേന്ദ്ര മോദിയുടെ മുഖം കാട്ടി ബിജെപിക്ക് ഇനി സംസ്ഥാനങ്ങളിൽ വിജയിക്കാൻ ആവില്ലെന്ന് ശത്രുഘ്നൻ സിൻ‌ഹ പറഞ്ഞു. നരേന്ദ്ര മോദി സ്വന്തം വീഴ്ചകൾക്ക് ഉത്തരം പറഞ്ഞു തുടങ്ങണം. പാർട്ടി വിടേണ്ട സാഹചര്യമുണ്ടായപ്പോൾ നരേന്ദ്ര മോദിയോ അധികാരസ്ഥാനങ്ങളിലുള്ളവരോ വിഷയം ചർച്ച ചെയ്യാൻ തയ്യാറായ പോലുമില്ലെന്നും ശത്രുഘ്നൻ സിൻ‌ഹ വ്യക്തമാക്കി.