ദില്ലി: 2012ലെ നിർഭയ കൂട്ടബലാത്സം​ഗക്കേസ് മാധ്യമങ്ങൾ ഊതി വീര്‍പ്പിക്കുകയായിരുന്നുവെന്ന് ദില്ലി മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഷീലാ ദീക്ഷിത്. ഇപ്പോൾ നിർഭയ കേസിന് സമാനമായ നിരവധി സംഭവങ്ങൾ രാജ്യത്ത് നടക്കുന്നുവെന്നും ദീക്ഷിത് പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷീലാ ദീക്ഷിത്.

'2012 ൽ ദില്ലിയിൽ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം വാർത്താ മാധ്യമങ്ങൾ ഊതിവീർപ്പിക്കുകയായിരുന്നു. ഇന്ന് ഇത്തരം കേസുകൾ രാജ്യതലസ്ഥാനത്ത് സർവസാധാരണമാണ്. പലപ്പോഴും ഇത്തരം സംഭവങ്ങളെ ആരും മുഖവിലക്കെടുക്കാറില്ല, പത്രത്തിലെ ചെറിയൊരു വാർത്ത മാത്രമായിരിക്കും അവ.

കുട്ടികൾ വരെ പീഡനത്തിനിരയാകുന്നു, മറ്റ് ചിലപ്പോൾ അതിനെ രാഷ്ട്രീയമാക്കി മാറ്റുന്നു'-  ഷീലാ ദീക്ഷിത് പറഞ്ഞു. സ്ത്രീകളുടെ സുരക്ഷയ്‌ക്കു വേണ്ടി സിസിടിവികളും തെരുവ് വിളക്കുകളും സ്ഥാപിക്കേണ്ടത് കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും  ഷീലാ ദീക്ഷിത് കൂട്ടിച്ചേർത്തു.

2012 ഡിസംബർ 16ന് രാത്രിയാണ് കേസിന് ആധാരമായ സംഭവം നടക്കുന്നത്. ഫിസിയോതെറാപ്പി വിദ്യാർത്ഥിയായിരുന്ന നിർഭയയും സുഹൃത്തും ആളൊഴിഞ്ഞ ബസിൽ വീട്ടിലേക്ക് മടങ്ങി വരുമ്പോഴായിരുന്നു സംഭവം. ബസിലുണ്ടായിരുന്ന പ്രതികൾ ആൺസുഹൃത്തിനെ അടിച്ചു വീഴ്‌ത്തുകയും നിർഭയയെ ക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. 

ബസ് ഡ്രൈവർ രാം സിങ്, സഹോദരൻ മുകേഷ്, വിനയ് ശർമ, പവൻ ഗുപ്ത എന്നിവർ ഡിസംബർ 17–നും മറ്റുള്ളവർ നാലു ദിവസത്തിനകവും അറസ്റ്റിലായിരുന്നു. അതിവേഗ കോടതി നടപടികൾ ജനുവരി 17ന് തുടങ്ങി. പ്രായപൂർത്തിയാകാത്ത പ്രതിയുടെ കേസ് ജുവനൈൽ കോടതിയിലേക്ക് മാറ്റുകയും ചെയ്തു. മുഖ്യപ്രതി രാം സിങ് 2013 മാർച്ച് 11ന് തിഹാർ ജയിലിൽ ജീവനൊടുക്കി. നാലു പ്രതികളെ തൂക്കിക്കൊല്ലാൻ അതിവേഗ കോടതി 2013 സെപ്റ്റംബർ 13ന് വിധിച്ചു. വധശിക്ഷ 2014 മാർച്ച് 13ന് ഹൈക്കോടതി ശരിവച്ചു. 

അന്ന് ദില്ലി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത്തിന്റെ വീടിനു മുമ്പിൽ അഖിലേന്ത്യാ പുരോഗമന വനിതാ അസോസിയേഷൻ  പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. അന്ന് ഷീലാ ദീക്ഷിത് നടത്തിയ പരാമർശങ്ങൾ ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.