ഉനയിലെ അംബ് അന്ദൗരയിൽ നിന്ന് ദില്ലിയിലേക്കുള്ള പുതിയ വന്ദേ ഭാരത് എക്സ്പ്രസിന്റെ ആദ്യയാത്ര പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഇതിന് ശേഷം ചെറിയ ദൂരം അദ്ദേഹം ട്രെയിനില്‍ സഞ്ചരിക്കുകയും ചെയ്തു
ഉന: മാസങ്ങള്‍ അകലെ മാത്രം എത്തി നില്‍ക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹിമാചല്‍ പ്രദേശിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചത് ഊഷ്മള വരവേല്‍പ്പ്. സിംഹം ഇതാ എത്തിയിരിക്കുന്നു... എന്ന് മുദ്രാവാക്യങ്ങള്‍ മുഴക്കി കൊണ്ടാണ് പ്രധാനമന്ത്രിയെ ജനങ്ങള്‍ സ്വീകരിച്ചത്. 'മോദി - മോദി, ഷേര്‍ ആയാ... ഷേര്‍ ആയാ' എന്ന് ജനക്കൂട്ടം വളരെ ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്.
ഉനയിലെ അംബ് അന്ദൗരയിൽ നിന്ന് ദില്ലിയിലേക്കുള്ള പുതിയ വന്ദേ ഭാരത് എക്സ്പ്രസിന്റെ ആദ്യയാത്ര പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഇതിന് ശേഷം ചെറിയ ദൂരം അദ്ദേഹം ട്രെയിനില്‍ സഞ്ചരിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാൻ സുരക്ഷാ സേന പരമാവധി ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ കോച്ചുകൾ പരിശോധിച്ച പ്രധാനമന്ത്രി സൗകര്യങ്ങൾ വിലയിരുത്തുകയും ചെയ്തു.
വന്ദേ ഭാരത് എക്സ്പ്രസിന്റെ ലോക്കോമോട്ടീവ് എൻജിൻ നിയന്ത്രണകേന്ദ്രവും മോദി പരിശോധിച്ചു. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂർ, ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ്, വാർത്താവിതരണ-പ്രക്ഷേപണമന്ത്രി അനുരാഗ് സിങ് താക്കൂർ എന്നിവരും ഉന ജില്ലയിലെ അംബ് അന്ദൗര റെയിൽവെ സ്റ്റേഷനിൽ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. അംബ് അന്ദൗരയിൽനിന്ന് ദില്ലിയിലേക്ക് പോകുന്ന ട്രെയിൻ രാജ്യത്ത് അവതരിപ്പിക്കുന്ന നാലാമത്തെ വന്ദേ ഭാരത് ട്രെയിനാണ്. മുമ്പുള്ളവയെ അപേക്ഷിച്ചു പുതുമയാർന്നതാണ് ഈ ട്രെയിൻ.
ഭാരം കുറഞ്ഞ ട്രെയിനിനു കുറഞ്ഞസമയത്തിനുള്ളിൽ ഉയർന്നവേഗം കൈവരിക്കാൻ കഴിയും. പുത്തൻ സവിശേഷതകളും അത്യാധുനികസംവിധാനങ്ങളും അടങ്ങിയ വന്ദേ ഭാരത് 2.0 ട്രെയിനിന് കേവലം 52 സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർവരെ വേഗത കൈവരിക്കാനാകും. പരമാവധിവേഗത മണിക്കൂറിൽ 180 കിലോമീറ്ററാണ്. നവീകരിച്ച വന്ദേ ഭാരത് എക്സ്പ്രസിനു മുൻപതിപ്പിലെ 430 ടണ്ണിനുപകരം 392 ടൺ ഭാരമാണുള്ളത്. ആവശ്യാനുസരണം വൈഫൈ ഉപയോഗിക്കാനുള്ള സൗകര്യവും ഇതിലുണ്ടാകും.
