'വൈ കാറ്റഗറി' സുരക്ഷയിൽ ഷിൻഡെ പിണങ്ങിയോ, മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തിൽ വിള്ളല്‍
മുഖ്യമന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ടതിലും റായ്ഗഡ്, നാസിക് ചുമതല മന്ത്രിമാരുടെ നിയമനത്തിലും ഇപ്പോഴും അസ്വസ്ഥത പ്രകടിപ്പിക്കുന്ന ഷിൻഡെ, അടുത്തിടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

മുംബൈ: മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച് മൂന്ന് മാസത്തിനുള്ളിൽ, ഭരണകക്ഷിയായ മഹായുതി സഖ്യത്തിനുള്ളിലെ ഭിന്നത വർധിക്കുന്നതായി റിപ്പോർട്ട്. ചില എംഎൽഎമാരുടെ വൈ കാറ്റഗറി സുരക്ഷാ കവർ പിൻവലിച്ചതാണ് പുതിയ വിവാദം. എല്ലാ പാർട്ടികളിലെയും ചില നിയമസഭാംഗങ്ങളുടെ സുരക്ഷാ കാറ്റഗറി മാറ്റിയിട്ടുണ്ടെങ്കിലും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന എംഎൽഎമാരുടെ സുരക്ഷയാണ് കൂടുതലും നഷ്ടമായത്.
2022-ൽ ഷിൻഡെ ബിജെപിയിൽ ചേർന്നതിനുശേഷം, മഹാരാഷ്ട്ര സർക്കാർ അദ്ദേഹത്തെ പിന്തുണച്ച 44 എംഎൽഎമാർക്കും 11 എംപിമാർക്കും വൈ കാറ്റഗറി സുരക്ഷ നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, മന്ത്രിമാരല്ലാത്ത എല്ലാ ശിവസേന എംഎൽഎമാർക്കും പാർട്ടി മേധാവിയുടെ പ്രധാന സഹായികൾ ഉൾപ്പെടെയുള്ള മറ്റ് നേതാക്കൾക്കും നൽകിയിരുന്ന സുരക്ഷ പിൻവലിച്ചു.
ബിജെപിയിൽ നിന്നും എൻസിപിയിൽ നിന്നുമുള്ള നേതാക്കൾക്കും പരിരക്ഷ തരംതാഴ്ത്തുകയോ പിൻവലിക്കുകയോ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. സുരക്ഷാ പരിരക്ഷ സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നത് സുരക്ഷാ അവലോകന സമിതിയാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. പാനൽ അതത് സമയങ്ങളിൽ സുരക്ഷ അവലോകനം ചെയ്യുകയും അതനുസരിച്ച് തീരുമാനമെടുക്കുകയും ചെയ്യും. കമ്മിറ്റിയുടെ തീരുമാനങ്ങളിൽ രാഷ്ട്രീയ ഇടപെടലില്ലെന്നും ഈ തീരുമാനത്തിൽ രാഷ്ട്രീയമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ടതിലും റായ്ഗഡ്, നാസിക് ചുമതല മന്ത്രിമാരുടെ നിയമനത്തിലും ഇപ്പോഴും അസ്വസ്ഥത പ്രകടിപ്പിക്കുന്ന ഷിൻഡെ, അടുത്തിടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നാലെ നിയമങ്ങൾ പരിഷ്കരിച്ച് അദ്ദേഹത്തെ ഉൾപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി എന്ന നിലയിൽ, ഫഡ്‌നാവിസ് അതോറിറ്റിയുടെ തലവനാണ്. മറ്റൊരു ഉപമുഖ്യമന്ത്രിയും എൻസിപി മേധാവിയുമായ അജിത് പവാറും ധനകാര്യ വകുപ്പ് വഹിക്കുന്നതിനാൽ സമിതിയിൽ ഉൾപ്പെട്ടു. എന്നാൽ, ഷിൻഡെ ഉൾപ്പെട്ടിരുന്നില്ല.
Read More... പ്രയാഗ്രാജിലെ ഗംഗയിലും യമുനയിലും ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം ഉയർന്ന അളവിൽ; മുന്നറിയിപ്പിൽ സിപിസിബി
തുടർന്ന് നിയമം മാറ്റി അദ്ദേഹത്തെ ഉൾപ്പെടുത്തി. എൻസിപി നേതാവ് അദിതി തത്കറെയെയും ബിജെപിയുടെ ഗിരീഷ് മഹാജനെയും നാസിക്കിന്റെയും റായ്ഗഡിന്റെയും ചുമതലയുള്ള മന്ത്രിമാരായി നിയമിക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചതിൽ ഷിൻഡെയും പവാറും പടലപിണക്കമുണ്ടായിരുന്നു. ദേവേന്ദ്ര ഫഡ്‌നാവിസ് അധ്യക്ഷത വഹിച്ച കുംഭമേളയുടെ അവലോകന യോഗത്തിൽ ഷിൻഡെ മാറിനിൽക്കുകയും സ്വന്തമായി ഒരു യോഗം നടത്തുകയും ചെയ്തു.
