ദില്ലി: കർഷക ബില്ല് പാസാക്കിയതിൽ പ്രതിഷേധിച്ച് പഞ്ചാബിൽ നിന്നുള്ള ശിരോമണി അകാലിദൾ എൻഡിഎ വിട്ടു. ആദ്യം ബില്ലിനെ അനുകൂലിച്ചിരുന്നെങ്കിലും പിന്നീട് പാർട്ടി ഈ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയി. കർഷകരെ ദുരിതത്തിലേക്ക് തള്ളിവിടുന്ന ബില്ലിൽ ഒപ്പിടരുതെന്ന് പാർട്ടി തലവൻ സുഖ്ബീർ സിങ് ബാദൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് അഭ്യർത്ഥിച്ചു. 

പഞ്ചാബിലെ കർഷകരാണ് അകാലിദളിന്റെ ശക്തി.  കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെമ്പാടും ഉയർന്ന കർഷക പ്രക്ഷോഭത്തിൽ ഏറ്റവും ശക്തി പ്രകടമായ ഒരു സംസ്ഥാനം പഞ്ചാബായിരുന്നു. ഇതിന് പിന്നാലെയാണ് അകാലി ദൾ മുന്നണി ബന്ധം അറുത്തുമാറ്റിയത്.

ചെറുകിട - ഇടത്തരം കർഷകർക്ക് സ്വകാര്യ മേഖലയുടെ കടന്നുവരവോടെ ദുരിതം നേരിടേണ്ടി വരുമെന്നാണ് കർഷകർ പറയുന്നത്. നേരത്തെ ബാദലിന്റെ ഭാര്യയും കേന്ദ്രമന്ത്രിയുമായിരുന്ന ഹർസിമ്രത് കൗർ ബാദൽ കേന്ദ്രമന്ത്രി പദവി രാജിവച്ചിരുന്നു. ബില്ലിന് എതിരായ എതിർപ്പ് അവഗണിച്ച് തീരുമാനവുമായി കേന്ദ്രം മുന്നോട്ട് പോയതും പ്രതിഷേധം അവഗണിച്ച് ശബ്ദവോട്ടോടെ ബില്ല് പാസാക്കിയതിലും പ്രതിഷേധിച്ചായിരുന്നു രാജി.