മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടിയില്‍ ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി ശിവസേന. മുഖപത്രമായ സാമ്‍നയിലൂടെയാണ് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിക്കെതിരെ ശിവസേന ആഞ്ഞടിച്ചത്. ഗവർണർ സ്വതന്ത്രമായല്ല പ്രവർത്തിക്കുന്നതെന്നും രാഷ്ട്രപതി ഭരണം കുതിരക്കച്ചവടത്തിന് വഴിവെക്കുമെന്നുമാണ് ശിവസേനയുടെ വിമര്‍ശനം. എന്നാല്‍ രാഷ്ട്രപതി ഭരണത്തിനെതിരെ ശിവസേന ഇതുവരെ സുപ്രീംകോടതിയെ സമീപിച്ചിട്ടില്ല.  സര്‍ക്കാര്‍ രൂപീകരിക്കാൻ മൂന്ന് ദിവസത്തെ സമയം അനുവദിക്കാത്ത ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് നൽകിയ ഹര്‍ജി ഇന്നലെ ചീഫ് ജസ്റ്റിസിന്‍റെ പരിഗണനയ്ക്ക് വിടാൻ സുപ്രീംകോടതി രജിസ്ട്രി വിസമ്മതിച്ചിരുന്നു. ഹര്‍ജിയിൽ പിഴവ് കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു ഇത്. 

സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലായെങ്കിലും സർക്കാർ രൂപീകരിക്കാനുള്ള സാധ്യതകൾ തേടുകയാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ പാർട്ടികൾ. പൊതുമിനിമം പരിപാടി വേണമെന്ന കോൺഗ്രസ് എൻസിപി പാർട്ടികളുടെ ആവശ്യം അംഗീകരിച്ച് സർക്കാരുണ്ടാക്കാൻ ശ്രമിക്കുമെന്നായിരുന്നു ഇന്നലെ ഉദ്ദവ് താക്കറെ പറഞ്ഞത്. അതേസമയം സ്ഥിരതയുള്ള സർക്കാരിനായി ഏതറ്റം വരെ പോവുമെന്നും ബിജെപി നേതാക്കൾ പറഞ്ഞിരുന്നു. ദില്ലിയിൽ നിന്ന് എൻസിപിയുമായി ചർച്ച നടത്താനായി കോൺഗ്രസ് നേതാക്കൾ പുറപ്പെട്ടതിന് പിന്നാലെയാണ് രാഷ്ട്രപതി ഭരണത്തിനായുള്ള ഉത്തരവ് ഇറങ്ങിയത്. സ‍ർക്കാരുണ്ടാക്കാൻ സേനയെ  ഒപ്പം കൂട്ടുന്നതിലെ  ഹൈക്കമാൻഡിന്‍റെ എതി‍ർപ്പ്  എൻസിപിയുമായുള്ള യോഗത്തിൽ കോൺഗ്രസ് നേതാക്കൾ അറിയിച്ചിരുന്നു.