കാൽ നൂറ്റാണ്ട് നീണ്ട ബിജെപി ബന്ധം പൂർണമായി ഉപേക്ഷിക്കുന്നതിന്‍റെ ഭാഗമാണ് ശിവസേനയുടെ പുതിയ നീക്കം. നേരത്തെ ശിവസേന എൻഡിഎ സഖ്യം വിടുകയും കേന്ദ്രമന്ത്രി സ്ഥാനം ഉപേക്ഷിക്കുകയും ചെയ്താൽ സഖ്യ സാധ്യത പരിശോധിക്കാമെന്ന് എന്‍സിപി വ്യക്തമാക്കിയിരുന്നു

ദില്ലി: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങളുടെ മുന്നോടിയായി ശിവസേന എം പിയും കേന്ദ്രമന്ത്രിയുമായ അരവിന്ദ് സാവന്ത് രാജിവച്ചു. ശരിയല്ലാത്ത അന്തരീക്ഷത്തില്‍ കേന്ദ്രസര്‍ക്കാരിനൊപ്പം നില്‍ക്കുന്നില്ല. കേന്ദ്രമന്ത്രി സ്ഥാനം രാജിവക്കുന്നുവെന്ന് ട്വിറ്ററിലൂടെ അരവിന്ദ് സാവന്ത് അറിയിച്ചു. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കുമെന്നും അരവിന്ദ് സാവന്ത് വ്യക്തമാക്കി. 

കാൽ നൂറ്റാണ്ട് നീണ്ട ബിജെപി ബന്ധം പൂർണമായി ഉപേക്ഷിക്കുന്നതിന്‍റെ ഭാഗമാണ് ശിവസേനയുടെ പുതിയ നീക്കം. നേരത്തെ ശിവസേന എൻഡിഎ സഖ്യം വിടുകയും കേന്ദ്രമന്ത്രി സ്ഥാനം ഉപേക്ഷിക്കുകയും ചെയ്താൽ സഖ്യ സാധ്യത പരിശോധിക്കാമെന്ന് എന്‍സിപി വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ശിവസേന ഇന്ന് ഗവർണറെ കാണാനിരിക്കെയാണ് അരവിന്ദ് സാവന്ത് കേന്ദ്രമന്ത്രി സ്ഥാനം രാജി വച്ചത്. രണ്ടാം മോദി സര്‍ക്കാരിലെ ഹെവി ഇൻഡസ്ട്രീസ് ആൻറ് പബ്ലിക് എൻറർപ്രൈസസ് വകുപ്പിന്‍റെ മന്ത്രിയായിരുന്നു അരവിന്ദ് സാവന്ത്. 

Scroll to load tweet…

 288 അംഗങ്ങളുള്ള നിയമസഭയിൽ 145 അംഗങ്ങളുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. ബിജെപിക്ക് 105ഉം ശിവസേനയ്ക്ക് 56 അംഗങ്ങളുമാണുള്ളത്.