മുംബൈ: മഹാരാഷ്ട്രയില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പകുതി സീറ്റുകള്‍  മത്സരിക്കാന്‍ ലഭിച്ചില്ലെങ്കില്‍ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കുമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. 

'അമിത് ഷായുടേയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‍നാവിസിന്‍റേയും സാന്നിധ്യത്തില്‍ തീരുമാനിച്ചതാണ് 50-50 സീറ്റ് ഫോര്‍മുല.ഈ തീരുമാനത്തെ ബിജെപി ബഹുമാനിക്കുകയും  അംഗീകരിക്കുകയും വേണം. മത്സരിക്കാനുള്ള സീറ്റുകള്‍ തുല്യമായി വീതിക്കണം. അതല്ല തീരുമാനമെങ്കില്‍ തിരഞ്ഞെടുപ്പിന് മുമ്പുണ്ടാക്കിയ സഖ്യം പൊളിയുമെന്നും സഞ്ജയ് കൂട്ടിച്ചേര്‍ത്തു. 

സീറ്റ് വിഭജനത്തില്‍ ധാരണയാകാതിരുന്നതിനെത്തുടര്‍ന്ന് 2014 ലെ നിയമസഭാ തിര‍ഞ്ഞെടുപ്പിലും ഇരുപാര്‍ട്ടികളും ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു. എന്നാല്‍ ഒരു പാര്‍ട്ടിക്കും തനിച്ച് ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെ തിരഞ്ഞെടുപ്പിന് ശേഷം ഇരുപാര്‍ട്ടികളും സഖ്യമുണ്ടാക്കി. ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‍നാവിസ് ഈ മാസം 16 ന്  സീറ്റ് വിഭജനം സംബന്ധിച്ച് ശിവസേനയുമായി ചര്‍ച്ച നടത്തുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.