മുംബൈ: അധികാരത്തിന് വേണ്ടി ബിജെപിക്കൊപ്പം പോയ അജിത് പവാര്‍ മഹാരാഷ്ട്രയിലെ ജനങ്ങളെ പിന്നില്‍ നിന്നും കുത്തിയെന്ന് ശിവസേന. അജിത് പവാറാണ് രാവിലെ കളം മാറ്റി ചവിട്ടിയതെന്നും ശരദ് പവാറിന് ഇതില്‍ പങ്കില്ലെന്നും ശിവസേന നേതാവ് സഞ്ചയ് റാവത്ത് പ്രതികരിച്ചു. "ഇന്നലെ രാത്രി 9 മണിവരെ ഞങ്ങളോടൊപ്പം ഇരുന്ന് ചർച്ച നടത്തിയ അജിത് പവാറാണ് രാവിലെ കളംമാറ്റി ചവിട്ടിയത്. എന്നാല്‍ ശരദ് പവാറിന് ഇതില്‍ പങ്കില്ലെന്നാണ് കരുതുന്നത്. അജിത് പവാർ തന്‍റെ പ്രവര്‍ത്തിയിലൂടെ ഛത്രപതി ശിവജിയുടെ പേരിനെയടക്കമാണ് അപമാനിച്ചത്. ഈ നീക്കം  ജനാധിപത്യത്തിന്‍റെ ശോഭ കെടുത്തുന്നതാണ്. അധികാര ദുരുപയോഗമാണ് നടന്നത്. 

ബിജെപി, മഹാരാഷ്ട്ര രാജ് ഭവനെ ദുരുപയോഗം ചെയ്തു. രാത്രിയിലാണ് ഈ നീക്കങ്ങളത്രയും നടന്നത്. ഗവര്‍ണര്‍ നീതിപൂര്‍വം പ്രവര്‍ത്തിക്കുമെന്നാണ് കരുതിയിരുന്നത്". എന്നാല്‍ അവിടെയാണ് തങ്ങള്‍ക്ക് തെറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി. ശരദ് പവാറില്‍ ഇപ്പോഴും വിശ്വാസമുണ്ട്. ഉദ്ധവ് താക്കറെ ശരദ് പവാറുമെന്നിച്ച് ഇന്ന് ഉച്ചയോടെ മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സഖ്യം തള്ളി ശരത് പവാര്‍: തീരുമാനം അജിത് പവാറിന്‍റേത് വ്യക്തിപരമായ തീരുമാനം എന്ന് ട്വീറ്റ്

മഹാരാഷ്ട്രയില്‍ നടന്നത് രാഷ്ട്രീയ ചതിയെന്ന് കോണ്‍ഗ്രസും പ്രതികരിച്ചിരുന്നു. . ഇത്തരത്തിലൊരു നീക്കം നടക്കുമെന്ന് കരുതിയിരുന്നില്ലെന്നാണ് കെസി വേണുഗോപാല്‍  പ്രതികരിച്ചത്. അതേ സമയം അജിത് പവാറിനെ തള്ളി ശരദ് പവാര്‍ രംഗത്തെത്തിയിട്ടുണ്ട്. ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനം അജിത് പവാറിന്‍റെ വ്യക്തിപരമായ തീരുമാനമാണെന്ന പ്രതികരണവുമായി ശരത് പവാര്‍ രംഗത്തെത്തി. വ്യക്തിപരമായ തീരുമാനം ആണെന്നും എൻസിപിയുടെ അറിവോടെ അല്ല അജിത് പവാറിന്‍റെ നീക്കമെന്നാണ് ശരത് പവാറിന്‍റെ ട്വീറ്റ്. 

അതിനിര്‍ണായകമായ രാഷ്ട്രീയ നീക്കത്തിനൊടുവിലാണ് മഹാരാഷ്ട്രയില്‍ ബിജെപി-അജിത് പവാറിന്‍റെ എന്‍സിപി സഖ്യം അധികാരത്തിലേറിയത്. രാവിലെ എട്ടുമണിയോടെയാണ് ദേവേന്ദ്രഫട്നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. ഫലം വന്നിട്ട് ഏകദേശം ഒരുമാസത്തോളമായിട്ടും ഇതുവരേയും മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് സാധിച്ചിരുന്നില്ല. മുഖ്യമന്ത്രിപദത്തിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ശിവസേന മുന്നണിവിട്ടത് ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണത്തിന് തിരിച്ചടിയായി.

ഇന്നലെ രാത്രിവരേയും എന്‍സിപി-കോണ്‍ഗ്രസ്- ശിവസേന സഖ്യം അധികാരത്തിലേറുമെന്നും ശിവസേന നേതാവ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്നുമുള്ള വാര്‍ത്തകളുമായിരുന്നു പുറത്തുവന്നത്. ഉച്ചയോടെ മൂന്നു പാര്‍ട്ടികളും ചേര്‍ന്ന് മാധ്യമങ്ങളെ കാണുമെന്നും തീരുമാനമായിരുന്നു. അപ്പോഴെല്ലാം ചര്‍ച്ചയായത് ബിജെപിയുടെ മൗനമായിരുന്നു. എന്നാല്‍ അര്‍ധരാത്രിയിലെ രാഷ്ട്രീയ നീക്കത്തിനാണ് പിന്നാട് രാജ്യം സാക്ഷ്യം വഹിച്ചത്. ഇന്നലെ ശിവസേന- എന്‍സിപി- കോണ്‍ഗ്രസ് യോഗത്തിന് ശേഷം അജിത് പവാര്‍ പുലര്‍ച്ചെ വരെ ഫട്നാവിസുമായി ഫോണിലൂടെ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് പുതിയ രാഷ്ട്രീയ മാറ്റത്തിന് രാജ്യം സാക്ഷിയായത്.