മുംബൈ: രാജ് താക്കറെയെ നേരിടാന്‍ പൗരത്വ നിയമഭേദഗതിയില്‍ നിലപാട് മാറ്റത്തിനൊരുങ്ങി ശിവസേന. പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള മുസ്ലീംകളെ ഇന്ത്യയില്‍ നിന്ന് പുറത്താക്കണമെന്നാണ് ഇപ്പോള്‍ ശിവസേന പറയുന്നത്. പാര്‍ട്ടി മുഖപത്രമായ സാമ്നയിലെ ലേഖനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇങ്ങനെ നിലപാടെടുക്കാൻ ശിവസേനയ്ക്ക് കൊടിയുടെ നിറം മാറ്റേണ്ട ഗതികേടില്ലെന്ന്, മഹാരാഷ്ട്ര നവനിര്‍മ്മാണ സേന തലവന്‍ രാജ് താക്കറെയെ ലേഖനത്തില്‍ പരിഹസിച്ചിട്ടുമുണ്ട്. 

പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള  മുസ്ലീംകളെ ഇന്ത്യയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട്  റാലി നടത്തുമെന്ന് രാജ്‍താക്കറെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശിവസേന നിലപാട് കടുപ്പിച്ചിരിക്കുന്നത്. 'ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള മുസ്ലീംകളെ ഇന്ത്യയില്‍ നിന്ന് പുറത്താക്കണമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, അങ്ങനെ പറയാന്‍ നിങ്ങള്‍ക്ക് കൊടിയുടെ നിറം മാറ്റേണ്ടി വന്നു. അത് രസകരമായ കാര്യമാണ്. ശിവസേന ഒരിക്കലും അതിന്‍റെ കൊടി മാറ്റിയിട്ടില്ല. അതെന്നും കാവിനിറത്തിലുള്ളതു തന്നെയായിരിക്കും. ശിവസേന എന്നും ഹിന്ദുത്വത്തിനു വേണ്ടി പൊരാടും. പൗരത്വഭേദഗതി നിയമത്തിന് നിരവധി പഴുതുകളുണ്ട്'. സാമ്നയിലെ ലേഖനത്തില്‍ പറയുന്നു.

ബിജെപിയുമായി ചേരാനും വോട്ട് ബാങ്ക് ലക്ഷ്യമിട്ടുമാണ് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന പാര്‍ട്ടി പതാകയുടെ നിറം മാറ്റിയതെന്ന് ലേഖനത്തില്‍ പരിഹാസമുണ്ട്. വ്യാഴാഴ്ചയാണ് രാജ് താക്കറെ പാര്‍ട്ടിയുടെ പതാക മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കാവിനിറം ആരുടെയും കുത്തകയല്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു പൂര്‍ണമായും കാവി നിറത്തിലുള്ള പതാക  മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന അവതരിപ്പിച്ചത്. തീവ്രഹിന്ദുത്വ നിലപാടില്‍ നിന്ന് ശിവസേന പിന്നാക്കം പോയ സാഹചര്യത്തില്‍ ബദല്‍ ശക്തിയാകാനാണ് ഈ നീക്കമെന്നും വിലയിരുത്തലുണ്ടായി. ഇതിനോടുള്ള പ്രതികരണമാണ്  ഇന്ന് സാമ്നയിലൂടെ ശിവസേന നടത്തിയിരിക്കുന്നത്. 

Read Also: 'കാവിനിറം ആരുടെയും കുത്തകയല്ല'; തീവ്രഹിന്ദുത്വ പാതയിലേക്ക് മഹാരാഷ്ട്ര നവനിർമാൺ സേന

14 വര്‍ഷം മുമ്പ് മറാഠി സ്വത്വത്തിലൂന്നി രാജ് താക്കറെ ഒരു പാര്‍ട്ടി രൂപീകരിച്ചു. എന്നാല്‍ ഇന്നത് ഹിന്ദുത്വ നിലപാടിലേക്ക് ഗതി മാറ്റിയിലിക്കുന്നു. രാജ് താക്കറെ പ്രസംഗത്തിനിടയില്‍ ഹിന്ദു സഹോദരന്മാരെയും സഹോദരിമാരെയും താന്‍ സ്വാഗതം ചെയ്യുന്നു എന്നു പറയുമ്പോഴേ, അത് ബിജെപി ആവശ്യപ്പെട്ടിട്ടാണെന്ന് അറിയാം. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയ്ക്ക് ഒന്നും കിട്ടാന്‍ പോകുന്നില്ല, കിട്ടിയിട്ടുമില്ല എന്നും ലേഖനത്തില്‍ പറയുന്നുണ്ട്. 

തങ്ങള്‍ പൗരത്വഭേദഗതി നിയമത്തിനെതിരാണെന്ന് ആഴ്ചകള്‍ക്ക് മുമ്പാണ് രാജ് താക്കറെ പറഞ്ഞത്. ഇപ്പോള്‍ വോട്ടുകള്‍ക്കു വേണ്ടി അദ്ദേഹം നിലപാട് മാറ്റിയിരിക്കുന്നു. ബിജെപിക്ക് രാഷ്ട്രീയലാഭം ആവശ്യമായിട്ടാണ് ഈ നിലപാട മാറ്റമെന്ന് ഇതിലൂടെ വ്യക്തമാണ്. പൗരത്വഭേദഗതി മുസ്ലീംകളെ മാത്രമല്ല. 30-40 ശതമാനം വരെയുള്ള ഹിന്ദുക്കളെയും ബാധിക്കുന്നതാണെന്നും ശിവസേന ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്.