വാരണാസി: ശിവ ലിം​ഗത്തിന് പൊല്യൂഷൻ മാസ്ക് ധരിപ്പിച്ച് ഭക്തർ. വാരണാസിയിലെ തർക്കേശ്വർ മഹാദേവ ക്ഷേത്രത്തിലെ ശിവലിംഗത്തിനാണ് തന്ത്രിമാർ മാസ്ക് ധരിപ്പിച്ചത്. നേരത്തെ വാരണാസിയിലെ തന്നെ ശിവപാർവതീ ക്ഷേത്രത്തിൽ ശിവനും ദുർഗയ്ക്കും കാളീദേവിക്കും ഭക്തർ മാസ്ക് ധരിപ്പിച്ചിരുന്നു. 

ശിവലിം​ഗത്തിന് ചുറ്റും മാസ്ക് കെട്ടിയിരിക്കുന്ന ചിത്രം വാർത്താ ഏജൻസിയായ എഎൻഐ ആണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ശിവലിംഗത്തോടൊപ്പം മാസ്ക്ക് ധരിച്ചു നിൽക്കുന്ന പൂജാരിയേയും ഭക്തനെയും ചിത്രത്തിൽ കാണാം. ദിവസം ചെല്ലുംതോറും മലിനീകരണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വിഷപുക ഏൽക്കാതിരിക്കാനാണ് ഇത്തരത്തിൽ ദൈവങ്ങളെ മാസ്ക് ധരിപ്പിച്ചിരിക്കുന്നതെന്ന് ഭക്തർ പറയുന്നു. 

'നഗരത്തിൽ വായു മലിനീകരണം രൂക്ഷമായിട്ടുണ്ട്. ഈ വിഷവാതകത്തിൽ നിന്ന് 'ഭോലെ ബാബ'യെ രക്ഷിക്കാൻ ഞങ്ങൾ മാസ്ക് ധരിപ്പിച്ചു. അവൻ സുരക്ഷിതനാണെങ്കിൽ ഞങ്ങളും സുരക്ഷിതരായി തുടരുമെന്ന് വിശ്വസിക്കുന്നു'- ഒരു ഭക്തൻ പറഞ്ഞു.

ബുധനാഴ്ചയാണ് ശിവപാർവതീ ക്ഷേത്രത്തിൽ ശിവനും ദുർഗയ്ക്കും കാളീദേവിക്കും പൊല്യൂഷൻ മാസ്ക് ധരിച്ചിട്ടുള്ള വാർത്തകൾ പുറത്തുവന്നത്. കറുപ്പും വെളുപ്പും നിറങ്ങളിലുള്ള തുണികൊണ്ടുള്ള മാസ്കുകളായിരുന്നു ശാന്തിക്കാർ ദൈവങ്ങളെ ധരിപ്പിച്ചത്. ഇതിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

"ശൈത്യകാലത്ത് പല ക്ഷേത്രങ്ങളിലും വിഗ്രഹങ്ങൾക്ക് കമ്പിളിപ്പട്ടുകൊണ്ടുള്ള അംഗവസ്ത്രങ്ങൾ ധരിപ്പിക്കാറുണ്ട്. അപ്പോൾ പിന്നെ വായുമലിനീകരണം അമിതമായ ഈ കാലത്ത് മുഖത്ത് മാസ്ക് ധരിപ്പിക്കുന്നതിൽ ഇത്ര അതിശയപ്പെടാനെന്തിരിക്കുന്നു..?"- എന്നായിരുന്നു ശാന്തിമാർ പ്രതികരിച്ചിരുന്നത്.

Read Also: എന്താണ് വാരണാസിയിലെ മാസ്ക് ധരിച്ച ദൈവങ്ങളുടെ രഹസ്യം?