Asianet News MalayalamAsianet News Malayalam

'കമല്‍ വീണു, തിളങ്ങി കമലം'; മധ്യപ്രദേശില്‍ ബിജെപി വീണ്ടും സര്‍ക്കാരുണ്ടാക്കുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

ജനങ്ങളുടെ ആശീര്‍വാദവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവും കാരണം വന്‍ ഭൂരിപക്ഷത്തോടെ ഭാരതീയ ജനതാ പാർട്ടി വീണ്ടും മധ്യപ്രദേശില്‍ സർക്കാർ രൂപീകരിക്കുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

Shivraj Singh Chouhan says BJP will form government in madhya pradesh set back for congress SSM
Author
First Published Dec 3, 2023, 10:50 AM IST

ഭോപ്പാല്‍: മധ്യപ്രദേശില്‍ വന്‍ ഭൂരിപക്ഷത്തോടെ ബിജെപി വീണ്ടും അധികാരത്തിലേറുമെന്ന് നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ആദ്യ ഫല സൂചനകള്‍ വന്നതോടെ തന്നെ ശിവരാജ് സിംഗ് സോഷ്യല്‍ മീഡിയയിലൂടെ പ്രവര്‍ത്തകരെ അഭിനന്ദിച്ചു. 

ജനങ്ങളുടെ ആശീര്‍വാദവും ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവും കാരണം വന്‍ ഭൂരിപക്ഷത്തോടെ ഭാരതീയ ജനതാ പാർട്ടി വീണ്ടും മധ്യപ്രദേശില്‍ സർക്കാർ രൂപീകരിക്കും. ബിജെപിയുടെ എല്ലാ സ്ഥാനാർത്ഥികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എന്നാണ് മുഖ്യമന്ത്രി സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്. 

വോട്ടെണ്ണല്‍ ആദ്യ രണ്ടര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 154 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 75 സീറ്റിലും മറ്റുള്ളവര്‍ ഒരു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിയുടെ സ്വാധീനത്തിന് മങ്ങലേറ്റിട്ടില്ലെന്നാണ് നിലവിലെ ഫല സൂചനകളില്‍ നിന്ന് വ്യക്തമാകുന്നത്. അതേസമയം കോണ്‍ഗ്രസിന്‍റെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച കമല്‍നാഥ് ഉള്‍പ്പെടെയുള്ളവര്‍ മധ്യപ്രദേശില്‍ പിന്നിലാണ്. 

കോൺഗ്രസ് വിജയിക്കുമെന്ന് കമൽനാഥ് നേരത്തെ വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.  രാവിലെ തപാൽ ബാലറ്റുകളിൽ വോട്ടെണ്ണൽ ആരംഭിച്ചതിന് തൊട്ടുപിന്നാലെ ആയിരുന്നു വാർത്താ ഏജൻസിയായ എഎൻഐയോട് മുൻ മുഖ്യമന്ത്രിയുടെ പ്രതികരണം. താൻ ഒരു ട്രെൻഡും കണ്ടിട്ടില്ല. രാവിലെ 11 വരെയുളള ഫലം നോക്കേണ്ടതില്ല. വളരെ ആത്മവിശ്വാസമുണ്ട്. വോട്ടർമാരെ വിശ്വസിക്കുന്നു എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

2018ല്‍ കമല്‍നാഥിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ 18 മാസം അധികാരത്തില്‍ തുടര്‍ന്നതൊഴിച്ചാല്‍ രണ്ട് പതിറ്റാണ്ടായി ബിജെപിയുടെ കയ്യിലാണ് മധ്യപ്രദേശ് ഭരണം. കഴിഞ്ഞ തവണ ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ള  കോണ്‍ഗ്രസ് നേതാക്കളെ പാളയത്തില്‍ എത്തിച്ചാണ് ബിജെപി ഭരണം പിടിച്ചത്. രാജസ്ഥാനിലെ 200 ൽ 199 സീറ്റുകളിലും മധ്യപ്രദേശിലെ 230 സീറ്റുകളിലും ഛത്തീസ്ഘട്ടിലെ 90 സീറ്റുകളിലും തെലങ്കാനയിൽ 119 സീറ്റുകളിലുമാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്.

 

Latest Videos
Follow Us:
Download App:
  • android
  • ios