ദില്ലി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കര്‍ഷകബില്ലുകളെ എതിർക്കുന്നവർ കർഷകരുടെ ശത്രുക്കളാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. കർഷകരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ഈ പ്രതിഷേധങ്ങളെന്നും ശിവരാജ് സിംഗ് പറഞ്ഞു. 

“കാർഷിക ബില്ലുകൾ കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയും അവരെ ശാക്തീകരിക്കുകയും ചെയ്യും. ബില്ലുകളെ എതിർക്കുന്നവർ കർഷകരുടെ ശത്രുക്കളാണ്, അവരെ തെറ്റിദ്ധരിപ്പിക്കുകയാണ്. എന്തുകൊണ്ടാണ് അവർ (പ്രതിപക്ഷം) ഇടനിലക്കാരെ പിന്തുണയ്ക്കുന്നത്?” ശിവരാജ് സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേസമയം, കേന്ദ്രസര്‍ക്കാര്‍ ഇരുസഭകളിലും പാസാക്കിയ കാര്‍ഷിക ബിൽ പിന്‍വലിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷപാര്‍ട്ടികളുടെ പ്രതിഷേധം തുടരുകയാണ്. ബില്ലുകള്‍ക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ ദേശീയ പ്രക്ഷോഭം ഇന്ന് സംഘടിപ്പിക്കും. എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധ റാലികൾ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് അഹ്വാനം ചെയ്തിരിക്കുന്നത്.

കാര്‍ഷിക ബില്ലുകൾക്കൊപ്പം തൊഴിൽ കോഡ് ബില്ലുകൾ പാസാക്കിയതിനെയും പ്രതിപക്ഷം എതിര്‍ക്കുകയാണ്. നാളെ കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദും നടക്കും. പഞ്ചാബിലെ കര്‍ഷകര്‍ ട്രെയിൻ തടയൽ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ലമെന്‍റ് സമ്മേളനത്തിലെ അവസാന ദിവസമായ ഇന്നലെ നെൽ കതിരുമായി എത്തി കോണ്‍ഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു.