മോദിയുമായി എല്ലാത്തരത്തിലുള്ള വ്യത്യാസവുമുണ്ടായിരിക്കാം. എന്നാല്‍, ഈ സമയം പരസ്പരം വഴക്കിടാന്‍ ഉള്ളതല്ലെന്നും ഒന്നിച്ച് ഈ മഹാമാരിക്കെതിരെ പോരാടണമെന്നുമായിരുന്നു രാഹുലിന്‍റെ ആശയം

മുംബൈ: കൊവിഡ് കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി ശിവസേന. മഹാമാരി രാജ്യത്ത് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഒരു പ്രതിപക്ഷ പാര്‍ട്ടിക്ക് എങ്ങനെ ഉത്തരവാദിത്വത്തോടെ ശരിയായ നിലപാട് എടുക്കാമെന്ന് രാഹുല്‍ കാണിച്ചു തന്നുവെന്ന് മുഖപത്രമായ സാമ്നയുടെ എഡിറ്റോറിയലില്‍ ശിവസേന എഴുതി.

രാഷ്ട്രീയ പക്വതയോടെ പൊതുസമൂഹത്തിന്‍റെ താത്പര്യത്തിനാണ് രാഹുല്‍ പ്രാധാന്യം നല്‍കിയത്. മോദിയുമായി എല്ലാത്തരത്തിലുള്ള വ്യത്യാസവുമുണ്ടായിരിക്കാം. എന്നാല്‍, ഈ സമയം പരസ്പരം വഴക്കിടാന്‍ ഉള്ളതല്ലെന്നും ഒന്നിച്ച് ഈ മഹാമാരിക്കെതിരെ പോരാടണമെന്നുമായിരുന്നു രാഹുലിന്‍റെ ആശയം. രാജ്യത്തിന് പ്രയോജനകരമാകും എന്നതിനാല്‍ കൊറോണ വിഷയത്തില്‍ രാഹുലും പ്രധാനമന്ത്രിയും നേരിട്ട് ചര്‍ച്ച നടത്തണമെന്നും സാമ്ന ആവശ്യപ്പെട്ടു.

രാഹുല്‍ ഗാന്ധിയെ കുറിച്ച് ചില അഭിപ്രായങ്ങളുണ്ട്. നരേന്ദ്ര മോദിയെ കുറിച്ചും അമിത് ഷായെ കുറിച്ചും അഭിപ്രായങ്ങളുണ്ട്. രാഹുലിന്റെ പ്രതിച്ഛായ നശിപ്പിച്ചു കൊണ്ടാണ് ബിജെപി തങ്ങളുടെ വിജയത്തിന്റെ പാതിയും നേടിയത്. അത് ഇന്നും തുടരുകയാണ്. എന്നാല്‍ നിലവിലെ പ്രതിസന്ധി ഘട്ടത്തില്‍ രാഹുല്‍ സ്വീകരിച്ച നിലപാടിനെ അഭിനന്ദിച്ചേ മതിയാകൂവെന്നും സാമ്ന വ്യക്തമാക്കുന്നു.

കൊവിഡ് മഹാമാരി ഇന്ത്യയ്ക്ക് വെല്ലുവിളിയും അതേസമയം ഒരു അവസരവുമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ട്വിറ്ററിലാണ് രാഹുൽ ​ഗാന്ധി തന്റെ അഭിപ്രായം പങ്കുവച്ചത്. കൊവിഡ് മഹാമാരി വലിയ വെല്ലുവിളിയാണെന്നും എന്നാല്‍ ഇത് ഒരു അവസരം കൂടിയാണെന്നും ഈ പ്രതിസന്ധിക്ക് നൂതന പരിഹാരം കണ്ടെത്തുന്നതിനായി വിദ​ഗ്ധരായ ആളുകളെ കൂട്ടിച്ചേർക്കണമെന്നും രാഹുൽ ​ഗാന്ധി ട്വീറ്റിൽ ആവശ്യപ്പെട്ടു.