അസം നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം വിജയം ലക്ഷ്യമിടുന്ന ബിജെപിക്ക് സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലിയുള്ള ഉൾപ്പാർട്ടി തർക്കങ്ങൾ കനത്ത വെല്ലുവിളിയാകുന്നു. സീറ്റ് നിഷേധിക്കപ്പെട്ട പ്രമുഖ നേതാക്കൾ പാർട്ടി വിടുന്നതും സഖ്യകക്ഷിയായ എജിപിയുമായുള്ള തർക്കങ്ങളും പ്രതിപക്ഷത്തിന് അനുകൂലമായേക്കുമെന്നാണ് വിലയിരുത്തൽ.

ഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായ മൂന്നാം വിജയം ലക്ഷ്യമിടുന്ന ബിജെപിക്ക് കടുത്ത വെല്ലുവിളിയായി ഉൾപ്പാർട്ടി തർക്കങ്ങളും വിമതനീക്കങ്ങളും. ഏപ്രിൽ ഒമ്പതിന് നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതോടെ, സീറ്റ് ലഭിക്കാത്ത പ്രമുഖ നേതാക്കൾ പാർട്ടി വിടുന്നതും സ്വതന്ത്രരായി മത്സരിക്കുന്നതും എൻഡിഎ ക്യാമ്പുകളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതിനുപുറമെ, സഖ്യകക്ഷിയായ അസം ഗണ പരിഷത്തുമായി ധാരണയിലെത്താൻ കഴിയാത്ത സീറ്റുകളിൽ 'സൗഹൃദ മത്സരം' നടക്കുന്നത് വോട്ടുകൾ ഭിന്നിക്കാനും പ്രതിപക്ഷമായ കോൺഗ്രസിന് ഗുണകരമാകാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

Add Asianetnews as a Preferred SourcegooglePreferred

ഹിമന്ത ബിശ്വ ശർമ്മ സർക്കാരിലെ മന്ത്രിയും സിറ്റിംഗ് എംഎൽഎയുമായ നന്ദിത ഗർലോസയ്ക്ക് ഇത്തവണ സീറ്റ് നിഷേധിച്ചത് പാർട്ടിയെ ഞെട്ടിച്ചു. ഇതോടെ ബിജെപി വിട്ട അവർ കോൺഗ്രസിൽ ചേരുകയും കഴിഞ്ഞ തവണ വിജയിച്ച ഹാഫ്ലോങ്ങിൽ നിന്ന് തന്നെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്യുന്നു. സമാനമായ രീതിയിൽ, കാട്ടിഗോറയിലെ മുൻ ബിജെപി എംഎൽഎ അമർ ചന്ദ് ജെയിനും കോൺഗ്രസിൽ ചേർന്ന് അവിടെ തന്നെ ജനവിധി തേടുന്നു. ബിജെപി സംസ്ഥാന മുൻ വൈസ് പ്രസിഡന്‍റ് ജയന്ത കുമാർ ദാസ് പാർട്ടി വിട്ട് ദിസ്‌പൂരിൽ സ്വതന്ത്രനായി മത്സരിക്കുന്നത് ബിജെപിക്ക് തലവേദനയായിട്ടുണ്ട്. ഇവിടെ കോൺഗ്രസിൽ നിന്നെത്തിയ പ്രദ്യുത് ബോർഡോലോയിയെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്.

മുതിർന്ന നേതാക്കളായ മുൻ സംസ്ഥാന അധ്യക്ഷൻ സിദ്ധാർത്ഥ ഭട്ടാചാര്യ, അഞ്ച് തവണ എംഎൽഎയായ അതുൽ ബോറ എന്നിവരെയും ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. മുതിർന്ന നേതാക്കളുടെയും അവരുടെ അനുയായികളുടെയും അമർഷം തെരഞ്ഞെടുപ്പിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കിയേക്കാം. സഖ്യകക്ഷിയായ എജിപിയുമായുള്ള സീറ്റ് തർക്കവും ബിജെപിയെ പ്രതിരോധത്തിലാക്കുന്നു. ശിവസാഗർ സീറ്റിൽ എജിപിയുടെ പ്രദീപ് ഹസാരികയെയും ബിജെപിയുടെ കുശാൽ ഡോവാരിയെയും നേർക്കുനേർ നിർത്തിയിരിക്കുകയാണ്. ഇത് കോൺഗ്രസ് പിന്തുണയോടെ മത്സരിക്കുന്ന റായ്‌ജോർ ദൾ തലവൻ അഖിൽ ഗൊഗോയിക്ക് ഗുണകരമായേക്കും. പുതുതായി രൂപീകരിച്ച ചമരിയ മണ്ഡലത്തിലും ഇരുപാർട്ടികളും തമ്മിൽ സൗഹൃദ മത്സരം നടക്കുന്നുണ്ട്. അതേസമയം, ഈ വെല്ലുവിളികളെ ബി.ജെ.പി നേതൃത്വം തള്ളിക്കളയുകയാണ്. വലിയൊരു പാർട്ടി എന്ന നിലയിൽ പലർക്കും സീറ്റ് മോഹമുണ്ടാകുന്നത് സ്വാഭാവികമാണെന്നും അസംതൃപ്തിയുള്ളവർ വൈകാതെ പാർട്ടിയിലേക്ക് മടങ്ങിവരുമെന്നുമാണ് ബിജെപി വക്താവ് രൂപം ഗോസ്വാമി പ്രതികരിച്ചത്.