ശ്രീനഗര്‍: ഷോപ്പിയാനിലെ വ്യാജ ഏറ്റുമുട്ടലിനേക്കുറിച്ച് ജമ്മു കശ്മീര്‍ പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. കരസേനയിലെ ഒരു ക്യാപ്റ്റനും രണ്ട് സഹായികളും കൂടി മൂന്ന് യുവാക്കളെ നിര്‍ദയം വെടിവച്ച് കൊന്നുവെന്ന് വ്യക്തമാക്കുന്നതാണ് കുറ്റപത്രം. നേരത്തെ തയ്യാറാക്കിയ വാഹനത്തിലാണ് യുവാക്കളെ വെട്വയ്പ് നടന്ന സ്ഥലത്തേക്ക് എത്തിച്ചത്. വെടി വയ്ക്കുന്നതിന് അല്‍പം മുന്‍പ് ഇവരോട് മുന്നോട്ട് നടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വ്യാജമായ ഏറ്റുമുട്ടലിലാണ് യുവാക്കള്‍ കൊല്ലപ്പെട്ടതെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. 

കരസേന ക്യാപറ്റന്‍ ഭൂപേന്ദ്ര സിംഗ് എന്ന മേജര്‍ ബഷീര്‍ ഖാന്‍ രണ്ട് സഹായികളുടെ സഹായത്തോടെ യുവാക്കളെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇവരെ കൊലപ്പെടുത്തിയ ശേഷം അനധികൃതമായ കൈക്കലാക്കിയ ആയുധങ്ങള്‍ ഇവരുടെ മൃതദേഹങ്ങള്‍ക്ക് അരികില്‍ ഉപേക്ഷിക്കുകയായിരുന്നു.  കൊലപാതകത്തിന് ശേഷം തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നാണ് ക്യാപ്റ്റന്‍ പ്രചരിപ്പിച്ചത്. 16 കാരനായ ഇബ്രാര്‍ അഹമ്മദ്, 25 കാരനായ ഇംതിയാസ് അഹമ്മദ്, 20കാരനായ  അഹമ്മദ് ഇബ്രാര്‍ എന്നിവരെയാണ് വ്യാജ ഏറ്റുമുട്ടലിലൂടെ വധിച്ചത്. തെളിവുകള്‍ നശിപ്പിച്ചതിനും വ്യാജ രേഖ ചമച്ചതിനും ക്രിമിനല്‍ ഗൂഡാലോചനയ്ക്കും ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.  വിവരങ്ങള്‍ നല്‍കുന്നതിനുള്ള പ്രൈസ് മണി തട്ടിയെടുക്കുന്നതിന് വേണ്ടിയായിരുന്നു ഈ കണ്ണില്ലാത്ത ക്രൂരതയെന്നാണ് കുറ്റപത്രം വിശദമാക്കുന്നത്.  

ജൂലൈ 17ന് സേനാ ഉദ്യോഗസ്ഥന്‍ തന്‍റെ സഹായികളെ റെഷ്നാഗ്രി മേഖലയിലെ പട്ടാള ക്യാംപില്‍ വച്ച് കാണുന്നു. ചൌഗാമിലെ വാടക വീട്ടില്‍ നിന്നാണ് യുവാക്കളെ തട്ടിക്കൊണ്ട് പോയത്. രജൌരിയില്‍ നിന്നും ഷോപ്പിയാനില്‍ നിന്നും തൊഴില്‍ അന്വേഷിച്ച് പോയവരായിരുന്നു ഇവര്‍. വ്യാജ ഏറ്റുമുട്ടലിന് ശേഷം സെപ്തംബര്‍ 28ന് സൈനിക ഉദ്യോഗസ്ഥന്‍റെ ഹായികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ സൈനിക ഉദ്യോഗസ്ഥനെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാന്‍ പ്രത്യേക അനുമതി വേണമെന്നാണ് പൊലീസ് വിശദമാക്കുന്നത്. 

ജൂലൈയില്‍ കശ്മീരിലെ ഷോപ്പിയാന്‍ മേഖലയില്‍ നടന്ന സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് തൊഴിലാളികളെന്ന് നേരത്തെ ഡിഎന്‍എ റിപ്പോര്‍ട്ട് വിശദമാക്കിയിരുന്നു. ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്നായിരുന്നു കരസേനയുടെ വാദം. കരസേന ഈ ഏറ്റുമുട്ടല്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് വ്യക്തമാക്കുന്നതാണെന്നാണ് ഡിഎന്‍എ റിപ്പോര്‍ട്ടിനേക്കുറിച്ച് പൊലീസ് പ്രതികരിച്ചത്. 

രജൌരിയില്‍ നിന്നുള്ള തൊഴിലാളികളെ വ്യാജ ഏറ്റുമുട്ടലില്‍ കരസേന കൊന്നതായി ആരോപിച്ച് നേരത്തെ ശക്തമായ പ്രതിഷേധം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ അന്വേഷണം നടന്നത്. കൊല്ലപ്പെട്ട യുവാക്കളുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയത്. കൊല്ലപ്പെട്ടവരെ തീവ്രവാദികളെന്ന് മുദ്രകുത്തി വാടകയ്ക്ക് താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് കൂട്ടിക്കൊണ്ടുവന്ന് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നാണ് എന്‍ഡി ടി വി സംഭവത്തേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്. കൊല്ലപ്പെട്ടവരുടെ ചിത്രം പ്രചരിച്ചതോടെ ജൂലൈ പതിനേഴ് മുതല്‍ കാണാതായവരാണ് ഇവരെന്ന് ബന്ധുക്കള്‍ ആരോപണമുയര്‍ത്തിയിരുന്നു. നേരത്തെ ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തെ ആളുകള്‍ക്ക് കൊല്ലപ്പെട്ടവരെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. 

സേനയുടെ പ്രത്യേകാധികാരം സൈനികര്‍ ദുരുപയോഗിച്ചതായും സുപ്രീം കോടതിയുടെ നിര്‍ദ്ദേശം സൈനികര്‍ ലംഘിച്ചതായും കരസേനയുടെ കോടതിയും കണ്ടെത്തിയിരുന്നു. വ്യാജ ഏറ്റുമുട്ടലില്‍ ഭാഗമായ സൈനികര്‍ക്കെതരിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചതായാണ് വിവരം. പ്രതിഷേധം ശക്തമായതിന് പിന്നാലെ സംഭവത്തില്‍ കരസേനയും പൊലീസും അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

ചിത്രത്തിന് കടപ്പാട് ഇന്ത്യ ടുഡേ