ഡാഷ് ക്യാമറ ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത് എന്ന് വീഡിയോയിൽ തന്നെ വ്യക്തമാണ്. പണം വാങ്ങുകയോ മറ്റോ ആയിരുന്നു ലക്ഷ്യം.
ബംഗളുരു: വാഹനം ഓടിക്കുന്നവരുടെ നെഞ്ചിൽ തീ പടർത്തുന്നൊരു ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി പ്രചരിക്കുന്നത്. അശ്രദ്ധകൊണ്ട് അറിയാതെ പോലും ഒരു അപകടം സംഭവിക്കരുതേ എന്ന് കരുതി വാഹനം ഓടിക്കുന്നവർക്ക് മുന്നിലേക്ക് മനഃപൂർവം അപകടം ഉണ്ടാക്കാനായി ആളുകൾ എടുത്തു ചാടുന്നു എന്ന തരത്തിലുള്ള സംഭവങ്ങൾ കുറച്ച് കാലമായി കേട്ട് തുടങ്ങിയിട്ട്. എന്നാൽ അത്തരമൊരു സംഭവം നേരിട്ട് അനുഭവിച്ച ഒരാൾ തന്റെ വാഹനത്തിലെ ഡാഷ് ക്യാം ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്.
ബംഗളുരു വൈറ്റ്ഫീൽഡിൽ ജനുവരി മാസത്തിൽ നടന്ന സംഭവമാണെന്നാണ് റിപ്പോർട്ട്. റോഡിലൂടെ സാധാരണ വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു കാറിന് മുന്നിലേക്ക് ഒരാൾ പെട്ടെന്ന് എടുത്തുചാടുന്നു. മനഃപൂർവം അപകടമുണ്ടാക്കി പരിക്കേൽപ്പിക്കാനുള്ള ശ്രമമാണെന്ന് വ്യക്തം. തുടർന്ന് കാർ ഡ്രൈവറിൽ നിന്ന് നഷ്ടപരിഹാരമായി പണം വാങ്ങാനോ മറ്റോ ഉള്ള പദ്ധതിയാണെന്ന് വ്യക്തം. മുന്നിലേക്ക് ചാടിയ യുവാവ് ഡ്രൈവർ സൈഡിൽ ഒരു വശത്തേക്ക് വീഴുന്നു. അതിനു പിന്നാലെ ബൈക്കിൽ രണ്ട് പേർ പിന്നിലൂടെ എത്തി ഓവർടേക്ക് ചെയ്ത് മുന്നിൽ വന്ന് ഡ്രൈവറെ ചോദ്യം ചെയ്യുന്നു.
വ്യാജമായി ഒരു വാഹനാപകടം സൃഷ്ടിക്കാനും അതിന് ശേഷം ഡ്രൈവർക്കെതിരെ സംസാരിക്കാനുള്ള സാക്ഷികളുമായിരുന്നു ഇവർ. ഡ്രൈവറെ ഭീഷണിപ്പെടുത്തി പണം വാങ്ങുകയോ മറ്റോ ആയിരിക്കും ലക്ഷ്യം. എന്നാൽ കാറിൽ ഉണ്ടായിരുന്ന ഡാഷ് ക്യാമറയിൽ എല്ലാ സംഭവങ്ങളും പതിഞ്ഞു. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി പൊലീസ് സ്വീകരിക്കണെന്നും ഈ സാഹചര്യങ്ങളിൽ വാഹനം ഓടിക്കുന്നവരെല്ലാം ഡാഷ് ക്യാം വാങ്ങി കാറിൽ ഘടിപ്പിക്കണമെന്നും സേഫ് കാർസ് ഇന്ത്യ എന്ന ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ വിവരിക്കുന്നു.
വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ ബംഗളുരുവിൽ വാഹനം ഓടിക്കുന്നതിന്റെ കഷ്ടപ്പാട് പങ്കുവെച്ച് പലരും കമന്റ് ചെയ്യുന്നുണ്ട്. സംഭവത്തിൽ കർശന നടപടി വേണമെന്നും ആവശ്യമുയർന്നു. തട്ടിപ്പുകളിൽ പെട്ടു പോകാതിരിക്കാൻ കാറുകളിൽ ഡാഷ് ക്യാമറ ഘടിപ്പിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നാണ് പലരുടെയും ആവശ്യം. സമാനമായ അനുഭവങ്ങൾ ചിലരെങ്കിലും പങ്കുവെയ്ക്കുന്നുമുണ്ട്. ഇവരെ രക്ഷപ്പെടാൻ അനുവദിക്കാതെ പൊലീസിനെ വിളിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നാണ് കമന്റുകൾ.
