ദില്ലി: ഉന്നാവോ പെണ്‍കുട്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട സംഭവം ഞെട്ടിക്കുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയായ ബിജെപിയുടെ എംഎല്‍എ കുല്‍ദീപ് സെന്‍ഗര്‍ ആണ് ആരോപണ വിധേയന്‍. അദ്ദേഹം ഇപ്പോഴും ബിജെപിയില്‍ തുടരുകയാണ്. ആ സ്ഥിതിക്ക് ബിജെപിയില്‍ നിന്നും ഏതെങ്കിലും രീതിയിലുള്ള നീതി പെണ്‍കുട്ടിക്ക് ലഭിക്കുമോയെന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. 

ഇരയുടേയും സാക്ഷികളുടേയും സുരക്ഷയില്‍ അശ്രദ്ധയുണ്ടായതെന്തുകൊണ്ടാണെന്നും കേസിലെ സിബിഐ അന്വേഷണം എവിടെ വരെയായെന്നും പ്രിയങ്ക ചോദിച്ചു. ഇന്നലെയാണ് ഉന്നാവോയില്‍ ബലാത്സംഗത്തിനിരയായ പെൺകുട്ടി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്.

പെൺകുട്ടി സഞ്ചരിച്ച വാഹനത്തില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നിൽ ആരോപണവിധേയനായ എംഎൽഎയെന്ന് പെൺകുട്ടിയുടെ കുടുംബവും ആരോപിക്കുന്നു. അപകട സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിക്ക് ഒപ്പം ഉണ്ടാകാതിരുന്നതും ദുരൂഹതയുണ്ടാക്കുന്നു. 

ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാർ ബലാത്സംഗം ചെയ്തെന്നായിരുന്നു അപകടത്തിൽപ്പെട്ട പതിനാറുകാരിയുടെ പരാതി. അപകടത്തില്‍ ആരോപണവിധേയനായ എംഎല്‍എയ്ക്ക് പങ്കുണ്ടെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.