ദില്ലി: ഗുജറാത്ത് കലാപത്തിന്‍റെ ജീവിക്കുന്ന ഇര ബിൽകിസ് ബാനുവിന് നൽകാൻ ഉത്തരവിട്ട 50 ലക്ഷം സഹായധനം ഉടൻ കൊടുക്കണമെന്ന് ഗുജറാത്ത് സർക്കാരിന് അന്ത്യശാസനവുമായി സുപ്രീംകോടതി. ബിൽകിസ് ബാനുവിന് സർക്കാർ ജോലിയും വീടും നൽകണമെന്ന സുപ്രീംകോടതി വിധിയും ഗുജറാത്ത് സർക്കാർ പാലിച്ചിട്ടില്ല. ഇവയെല്ലാം നാലാഴ്ചയ്ക്കകം നൽകണമെന്ന് സുപ്രീംകോടതി കർശനനിർദേശം നൽകി. ബിൽകിസ് ബാനു നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചിന്‍റെ ഉത്തരവ്.

ബിൽകിസ് ബാനു കേസിലെ പ്രതികളുടെ ശിക്ഷ ശരി വച്ച, അന്നത്തെ മുംബൈ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസും പിന്നീട് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്ന വിജയ താഹിൽരമാനിയ്ക്ക് എതിരെ സിബിഐ അന്വേഷണത്തിന് അനുമതി നൽകിയ അതേ ദിവസമാണ് സുപ്രീംകോടതിയുടെ ഈ ഉത്തരവും വരുന്നത് എന്നത് ശ്രദ്ധേയമാണ്.

ആരാണ് ബിൽകിസ് ബാനു?

2002 മാർച്ച് മൂന്നിന് ഗുജറാത്തിലെ രധിക് പൂർ ഗ്രാമത്തിലായിരുന്നു ബിൽകിസ് ബാനുവും കുടുംബവും കഴിഞ്ഞിരുന്നത്. ഗുജറാത്ത് കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഒരു സംഘം അക്രമികൾ രധിക് പൂരിലും അക്രമം അഴിച്ചുവിട്ടു. സ്വന്തം കുടുംബത്തിലെ മൂന്ന് വയസ്സുള്ള ഒരു കുഞ്ഞിനെ ഭിത്തിയിലിടിച്ച് കൊല്ലുന്നതും ഏഴംഗങ്ങളെ വെട്ടിനുറുക്കുന്നതും ബിൽകിസിന് കണ്ടുനിൽക്കേണ്ടി വന്നു. ഇതിന് പിന്നാലെ അന്ന് അഞ്ച് മാസം ഗർഭിണിയായ ബിൽകിസിനെ അക്രമികൾ കൂട്ടബലാത്സംഗം ചെയ്തു. 

സ്വന്തം ഇച്ഛാശക്തികൊണ്ട് മാത്രമാണ് ബിൽകിസ് ബാനു ജീവിതത്തിലേക്ക് തിരികെ വന്നത്. സ്വന്തം കുടുംബത്തെ കൊന്നൊടുക്കിയവരുടെ പേരുകൾ തുറന്നുപറഞ്ഞിട്ടും പരാതി നൽകിയിട്ടും ഗുജറാത്ത് പൊലീസ് കേസെടുത്തില്ല. പിന്നീട് നിയമപോരാട്ടത്തിൽ ഉറച്ചു നിന്നപ്പോൾ ഗുജറാത്ത് സിഐഡി കേസ് റജിസ്റ്റർ ചെയ്തു. പക്ഷേ അവിടെയും കുറ്റവാളികളെ രക്ഷിക്കാനാണ് ഗുജറാത്ത് സിഐഡി ശ്രമിച്ചത്. പിന്നീട് സെന്‍റർ ഫോർ സോഷ്യൽ ജസ്റ്റിസിന്‍റെയും ദേശീയ മനുഷ്യാവകാശ കമ്മീഷൻ എന്നിവയുടെ സഹായത്തോടെയാണ് പിന്നീട് ബിൽകീസ് ബാനു പോരാട്ടം തുടർന്നത്.

ഒടുവിൽ സുപ്രീംകോടതിയിൽ നിന്ന് കേസ് സിബിഐയ്ക്ക് കൈമാറാൻ ഉത്തരവായി. കേസ് വിചാരണ ഗുജറാത്തിന് പുറത്തേക്ക് മാറ്റുകയും ചെയ്തു. 2004 ഓഗസ്റ്റിൽ കേസ് മുംബൈയിലേക്ക് മാറ്റി. 2008 ജനുവരി 21-ന് പ്രത്യേക കോടതി കേസിലെ പ്രതികളായ 11 പേരെ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചു. വീണ്ടും നിയമപോരാട്ടം തുടർന്ന ബിൽകിസിന്‍റെ ഹർജിയിൽ 2017-ൽ അഞ്ച് പൊലീസുകാരെയും രണ്ട് ഡോക്ടർമാരെയും കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് ഹൈക്കോടതി ശിക്ഷിച്ചു.