ബെംഗലുരു: കോണ്‍ഗ്രസ് ജനതാ ദള്‍  സെക്കുലര്‍ സഖ്യ സര്‍ക്കാരിന്‍റെ സഖ്യ സര്‍ക്കാര്‍ രൂപീകരണ സമയത്തുണ്ടായ ഫോണ്‍ ടാപ്പിങ് വിവാദത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതില്‍ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ഫോണ്‍ ടാപ്പ് ചെയ്ത വിവാദം മാത്രമല്ല ഓപ്പറേഷന്‍ താമരയും അന്വേഷിക്കണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടു.  

സഖ്യ സര്‍ക്കാരിനെ താഴെയിറക്കിയ ഓപ്പറേഷന്‍ താമരയെക്കുറിച്ച് അന്വേഷിക്കാന്‍ കൂടി ബി എസ് യെദ്യൂരപ്പ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് സിദ്ധരാമയ്യ ട്വീറ്റില്‍ ആവശ്യപ്പെടുന്നു. ഫോണ്‍ ടാപ്പിങ് വിവാദത്തില്‍ സത്യം പുറത്ത് കൊണ്ട് വരണമെന്ന് നിരവധി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ വിഷയത്തില്‍ സിബിഐ അന്വേഷണത്തിന് തീരുമാനമായെന്നും നാളെ ഉത്തരവ് പുറത്തിറങ്ങുമെന്നുമാണ് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ വ്യക്തമാക്കിയത്. 

നേരിയ ഭൂരിപക്ഷമുണ്ടായിരുന്ന സഖ്യ സര്‍ക്കാര്‍ കഴിഞ്ഞ മാസമാണ് ഇരു പാര്‍ട്ടികളില്‍ നിന്നും 15 എംഎല്‍എമാര്‍ രാജി വക്കുകയും രണ്ട് സ്വതന്ത്രര്‍ ബിജെപിക്ക് പിന്തുണ നല്‍കുകയും ചെയ്തതോടെ താഴെ വീണത്. യെദ്യൂരപ്പയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. മുന്‍കാലങ്ങളില്‍ സിബിഐയെ പാവയായി ഉപയോഗിച്ച ബിജെപി തന്ത്രമാവില്ല ഇത്തവണത്തെ അന്വേഷണമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. 

കഴിഞ്ഞ ആഴ്ചയാണ് മുന്‍ ജെഡിഎസ് നേതാവായ എ ച്ച് വിശ്വനാഥന്‍ സഖ്യസര്‍ക്കാര്‍ തന്‍റെയുള്‍പ്പെടെ 300 നേതാക്കളുടെ ഫോണ്‍ ടാപ്പ് ചെയ്തുവെന്ന് ആരോപണമുയര്‍ത്തിയത്.