ദില്ലി: ബംഗാളില്‍ തുടരുന്ന റസിഡന്‍റ് ഡോക്ടര്‍മാരുടെ സമരത്തിൽ കേന്ദ്രം ഇടപെടുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വ‍ർധൻ മുഖ്യമന്ത്രിമാർക്ക് കത്തയച്ചു. ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് മതിയായ സുരക്ഷ നൽകണമെന്നും ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും എതിരെയുണ്ടായ അതിക്രമങ്ങളിൽ കർശന നടപടിയെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മമത ബാനർജി ഉൾപ്പെടെയുള്ള മുഖ്യമന്ത്രിമാർക്കാണ് ആരോഗ്യ മന്ത്രിയുടെ നിർദേശം.

അതേ സമയം ബംഗാളില്‍ തുടരുന്ന റസിഡന്‍റ് ഡോക്ടര്‍മാരുടെ സമരത്തോട് തുടക്കം മുതല്‍ നിഷേധ നിലപാടെടുത്ത മുഖ്യമന്ത്രി മമത ബാനര്‍ജി അയയുന്നതായി സൂചന. പരിക്കേറ്റ ഡോക്ടറെ മമത സന്ദര്‍ശിച്ചേക്കും. സമരം അവസാനിപ്പിച്ചാല്‍ മാത്രം ചര്‍ച്ചയെന്ന നിലപാട് എടുത്തിരുന്ന മമത എന്നാല്‍ ഡോക്ടറെ കണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊല്‍ക്കത്തയിലെ എന്‍ആര്‍എസ് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചതിനെ തുടര്‍ന്നാണ് ജൂണ്‍ 10 ന് ബന്ധുക്കള്‍ റസിഡന്‍റ് ഡോക്ടറെ മര്‍ദ്ദിച്ചത്. ഇതോടെ തുടങ്ങിയ സമരം രാജ്യവ്യാപക പ്രതിഷേധമായി മാറുകയാണ്. 

48 മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിക്കണമെന്നാണ് ദില്ലി എയിംസിലെ റസിഡന്‍റ് ഡോക്ടേഴ്സ് അസോസിയേഷന്‍റെ അന്ത്യശാസനം. അല്ലാത്തപക്ഷം അനിശ്ചിതകാല സമരം തുടങ്ങും എന്നും എയിംസ് ആര്‍ഡിഎ അറിയിച്ചിരുന്നു. 

റസിഡന്‍റ് ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി ഡോക്ടര്‍മാര്‍ രാജി വയ്ക്കുകയും ചെയ്തതോടെ സംസ്ഥാനത്തെ ആരോഗ്യമേഖല വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.

300 ലേറെ ഡോക്ടര്‍മാരാണ് ആറ് ദിവസത്തിനുള്ളില്‍ രാജി വച്ചത്. അഭിമാന പ്രശ്നമായി കാണരുതെന്നും ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കി പ്രശ്നം പരിഹരിക്കണമെന്നും ഡോ. ഹര്‍ഷവര്‍ധന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.