Asianet News MalayalamAsianet News Malayalam

പാര്‍ട്ടി നിര്‍ദേശം ലംഘിച്ചു; യുവ വനിതാ എംഎല്‍എയ്ക്ക് നോട്ടീസ് നല്‍കി കോണ്‍ഗ്രസ്

മഹാത്മ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് 48 മണിക്കൂര്‍ പ്രത്യേക നിയമസഭ സമ്മേളനം യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വിളിച്ചിരുന്നു. ഇതില്‍ പങ്കെടുക്കരുതെന്ന് കോണ്‍ഗ്രസ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇത് ലംഘിച്ച് അതിഥി സമ്മേളനത്തില്‍ പങ്കെടുത്തു

Show Cause Notice to MLA Aditi Singh by congress
Author
Raebareli, First Published Oct 4, 2019, 10:39 PM IST

ലക്നൗ: ഉത്തര്‍പ്രദേശിലെ റായ്‍ബറേലിയില്‍ നിന്നുള്ള യുവ വനിതാ എംഎല്‍എയ്ക്ക് നോട്ടീസ് നല്‍കി കോണ്‍ഗ്രസ്. പ്രത്യേക നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കരുതെന്നുള്ള പാര്‍ട്ടി നിര്‍ദേശം ലംഘിച്ചതിനാണ് എംഎല്‍എ അഥിതി സിംഗിന് കോണ്‍ഗ്രസ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

നേരത്തെ,  ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയപ്പോള്‍ ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിനെ അതിഥി പ്രകീര്‍ത്തിച്ചിരുന്നു. ഇതിന് ശേഷം വീണ്ടും പാര്‍ട്ടി നിര്‍ദേശത്തിന് എതിരായി പ്രവര്‍ത്തിച്ചതോടെയാണ് നോട്ടീസ് നല്‍കാനുള്ള തീരുമാനം വന്നത്. മഹാത്മ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് 48 മണിക്കൂര്‍ പ്രത്യേക നിയമസഭ സമ്മേളനം യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വിളിച്ചിരുന്നു.

ഇതില്‍ പങ്കെടുക്കരുതെന്ന് കോണ്‍ഗ്രസ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇത് ലംഘിച്ച് അതിഥി സമ്മേളനത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവായ അജയ് കുമാര്‍ ലല്ലു ആണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ പ്രത്യേക നിയമസഭ സമ്മേളനം പ്രതിപക്ഷം പൂര്‍ണമായി ബഹിഷ്കരിച്ചിരുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവെയ്ക്കാന്‍ സന്നദ്ധയാണെന്നാണ് നോട്ടീസിനോട് അതിഥി പ്രതികരിച്ചത്. പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ച ദിനേശ് സിംഗിനും രാകേഷ് സിംഗിനും എന്തേ നോട്ടീസ് നല്‍കിയില്ല എന്നും അതിഥി ചോദിച്ചു.

പ്രത്യേക സമ്മേളനത്തില്‍ പങ്കെടുത്തുവെന്ന് വച്ച് ഒരു തെറ്റും താന്‍ ചെയ്തിട്ടില്ല. തന്‍റെ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. തന്‍റെ പ്രസംഗത്തില്‍ പറഞ്ഞും അതൊക്കെയാണ്. ഒരു സ്ത്രീ ആയത് കൊണ്ടാണോ എപ്പോഴും തന്നെ ലക്ഷ്യംവെയ്ക്കുന്നതെന്നും അതിഥി ചോദ്യം ഉന്നയിച്ചു. 

Follow Us:
Download App:
  • android
  • ios