കർണൂലിൽ 20 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ നിർണായക വഴിത്തിരിവ്. അപകടത്തിന് കാരണക്കാരനായ ബൈക്ക് യാത്രികൻ മദ്യലഹരിയിലായിരുന്നെന്ന് സൂചിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കർണൂലിൽ 20 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിന് കാരണമായ ബൈക്ക് യാത്രികന്റെ അവസാന നിമിഷങ്ങളിലെ വീഡിയോ പുറത്തുവന്നു. അപകടത്തിന് തൊട്ടുമുമ്പ് ബൈക്ക് നിയന്ത്രണംവിട്ട് റോഡിലേക്ക് നീങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഈ ദൃശ്യങ്ങൾ ഇപ്പോ അന്വേഷണത്തിൽ വഴിത്തിരിവാകുയാണ്. ബൈക്കോടിച്ച 22കാരനായ ശിവശങ്കർ അപകടത്തിന് തൊട്ടുമുമ്പ് അശ്രദ്ധമായി വണ്ടി ഓടിച്ചെന്നും, മദ്യലഹരിയിലായിരുന്നെന്നുമാണ് സിസിടിവി ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. ദൃശ്യങ്ങൾ അനുസരിച്ച്, പുലർച്ചെ 2:23-നാണ് ബൈക്കിന് പിന്നിൽ മറ്റൊരാളേയും ഇരുത്തി ശിവശങ്കർ ഒരു പെട്രോൾ പമ്പിൽ എത്തുന്നത്. അവിടെ ജീവനക്കാരൻ ഇല്ലാത്തതിനാൽ ഇവർ നിരാശരാകുന്നത് ദൃശ്യങ്ങളിൽ കാണാം. തുടര്‍ന്ന് ബഹളം വെക്കുകയും, ബാലൻസ് ചെയ്യാൻ ബുദ്ധിമുട്ടിക്കൊണ്ട് പമ്പിൽ നിന്ന് ബൈക്ക് ഓടിച്ചുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. ഈ സംഭവം തന്നെയാണ്, അപകടസമയത്ത് ശിവശങ്കർ മദ്യത്തിൻ്റെയോ മറ്റ് ലഹരിവസ്തുക്കളുടെയോ സ്വാധീനത്തിലായിരുന്നോ എന്ന് പോലീസ് സംശയിക്കാനുള്ള കാരണം. ഇയാളുടെ വിസറ സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
വെള്ളിയാഴ്ച പുലർച്ചെ എൻഎച്ച്-44-ൽ വെച്ചാണ് ബൈക്ക് വി കാവേരി ട്രാവൽസിൻ്റെ ആഢംബര ബസിലിടിച്ച് തീപിടിച്ചത്. ബൈക്ക് ബസിന്റെ ഇന്ധന ടാങ്കിൽ ഇടിച്ച് കുടുങ്ങിക്കിടക്കുകയായിരുന്നു. ഏകദേശം 200 മീറ്ററോളം ബൈക്ക് വലിച്ചിഴക്കപ്പെട്ടു. തുടര്‍ന്ന് റോഡിൽ ഉരസി തീപ്പൊരി ഉണ്ടാവുകയു ഇന്ധന ടാങ്ക് തീ ആളിക്കത്തി പൊട്ടിത്തെറിക്കുകയായിരുന്നു എന്നുമാണ് പ്രാഥമിക റിപ്പോർട്ടുകൾ. പുലർച്ചെ 3:30-ഓടെയാണ് ഉളിണ്ടക്കൊണ്ടയ്ക്ക് സമീപം അപകടമുണ്ടായത്. ഹൈദരാബാദിൽ നിന്ന് ബംഗളൂരുവിലേക്ക് 46 യാത്രക്കാരുമായി പോവുകയായിരുന്ന ബസിലെ 19 യാത്രക്കാരാണ് ഉറക്കത്തിനിടെ തീയിൽ കുടുങ്ങി മരിച്ചത്. ജനൽ തകർത്ത് ചാടി രക്ഷപ്പെട്ട 27 പേർ മാത്രമാണ് രക്ഷപ്പെട്ടത്. അപകടത്തിനിടെ ബൈക്കിലുണ്ടായിരുന്ന പിൻസീറ്റ് യാത്രക്കാരൻ നിലവിൽ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇയാളെ ചോദ്യം ചെയ്താൽ സംഭവങ്ങളുടെ കൃത്യമായ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണോദ്യോഗസ്ഥർ. കനത്ത മഴയും ഇരുട്ടും ഉണ്ടായിരുന്നതിനാൽ, അപകടത്തിന് കാരണമായേക്കാവുന്ന മറ്റ് സാധ്യതകളും പരിശോധിക്കും.
അപകടകാരണങ്ങൾക്കപ്പുറം, സ്വകാര്യ ബസ് ഓപ്പറേറ്ററുടെ പ്രവർത്തനങ്ങളെക്കുറിച്ചും സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻ്റ് ഉൾപ്പെടെയുള്ള മറ്റ് ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ട്. ബസ് ആദ്യം ദാമനിലും ദിയുവിലുമാണ് രജിസ്റ്റർ ചെയ്തതെന്നും, പിന്നീട് ഉയർന്ന നികുതിയും കർശന പരിശോധനയും ഒഴിവാക്കാനായി കഴിഞ്ഞ വർഷം ഒഡീഷയിൽ പുനഃരജിസ്റ്റർ ചെയ്തതായും കണ്ടെത്തി. കൂടാതെ, സാധാരണ സീറ്റർ ബസ് അനധികൃതമായി സ്ലീപ്പർ കോച്ചായി മാറ്റിയതായും അധികൃതർ സംശയിക്കുന്നു. ഇത്തരം മാറ്റങ്ങൾ എമർജൻസി എക്സിറ്റുകൾ, ഇടനാഴിയുടെ വീതി തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വരുന്നത് അപകടസമയത്ത് രക്ഷപ്പെടാനുള്ള സാധ്യതകളെ ഗുരുതരമായി ബാധിക്കും. കേസിൽ പൊലീസ്, ഗതാഗത, റവന്യൂ ഉദ്യോഗസ്ഥർ അടങ്ങുന്ന ഉന്നതതല സമിതി എല്ലാ വശങ്ങളും വിശദമായി അന്വേഷിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.


