ഓക്സിജന്‍ ലഭിക്കാതെ 22 കൊവിഡ് രോഗികള്‍ മരിച്ച ആഗ്രയിലെ സ്വകാര്യ ആശുപത്രി പൂട്ടി സീലുവച്ചു. ആഗ്രയിലെ ശ്രീ പരാസ് ഹോസ്പിറ്റലാണ് ജില്ലാ ഭരണകൂടം അടച്ചുപൂട്ടിയത്. തെറ്റായ വിവരം പ്രചരിപ്പിച്ചതിന് പകര്‍ച്ചവ്യാധി നിയമം അനുസരിച്ച് ഹോസ്പിറ്റല്‍ ഉടമയ്ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തു. ശ്രീ പരാസ് ആശുപത്രി ഉടമ ഡോ. അരിഞ്ജയ് ജെയിന്‍റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.ആശുപത്രിയിലുണ്ടായിരുന്ന 55 രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയ ശേഷമാണ് ആശുപത്രി അടച്ചത്,  

അഞ്ച് മിനിറ്റ് സമയത്തേക്ക് ഓക്സിജന്‍ സപ്ലൈ നിര്‍ത്തിവച്ച മോക്ക് ഡ്രില്ലിനേക്കുറിച്ച് ഡോ. അരിഞ്ജയ് ജെയിന്‍ സംസാരിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. 22 രോഗികള്‍ ഹൈപോക്സിയ ലക്ഷണങ്ങള്‍ കാണിച്ചതും അവരുടെ കൈ കാലുകള്‍ നീലനിറമായതിനേക്കുറിച്ചും ഇയാള്‍ വീഡിയോയില്‍ വിശദമാക്കിയിരുന്നു. ഏപ്രില്‍ 28നാണ് ഈ വീഡിയോ റെക്കോര്‍ഡ് ചെയ്തത്. ഇത് ആദ്യമായല്ല ഈ ആശുപത്രി വിവാദത്തിലാവുന്നത്. 2020 ഏപ്രിലില്‍ അനുമതിയില്ലാതെ കൊവിഡ് രോഗികളെ ചികിത്സിച്ചതിന് ഈ ആശുപത്രി അടച്ചിരുന്നു.

എന്നാല്‍ കൊവിഡ് രോഗികള്‍ മരിച്ചത് മോക് ഡ്രില്ലിന് ഇടയിലാണെന്ന ഡോക്ടറുടെ വാദത്തെ തള്ളി ആഗ്ര ജില്ലാ അധികൃതര്‍ രംഗത്തെത്തി. ഏപ്രില്‍ 26,27 തീയതികളില്‍ ഈ ആശുപത്രിയില്‍ ഏഴുപേര്‍ മാത്രമേ മരിച്ചിട്ടുള്ളൂവെന്നും അത് ഓക്‌സിജന്‍ ക്ഷാമം കാരണമല്ലെന്നും ജില്ല മജിസ്‌ട്രേറ്റ് പ്രഭു എന്‍ സിങ് പറഞ്ഞു. വീഡിയോ പ്രചരിച്ചതോടെ വിശദീകരണവുമായി ആശുപത്രി ഉടമയും രംഗത്തെത്തി. തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും ഓക്‌സിജന്‍ ക്ഷാമമുണ്ടായാല്‍ നടത്തേണ്ട മുന്നൊരുക്കത്തിന്റെ ഭാഗമായാണ് മോക്ഡ്രില്‍ നടത്തിയതെന്നും ഓക്‌സിജന്‍ വിതരണം തടസ്സപ്പെടുത്തിയിട്ടില്ലെന്നുമാണ് ഇയാള്‍ വിശദമാക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona